ലോക ഭിന്നശേഷി ദിനം ആചരിച്ചു
കോട്ടയം: ഭിന്നശേഷിയുള്ളവരുടെ കഴിവുകൾ കുട്ടിക്കാലത്തു തന്നെ തിരിച്ചറിഞ്ഞ് അനുയോജ്യമായ വിദ്യാഭ്യാസവും പ്രോത്സാഹനവും നൽകി മുഖ്യധാരയിലേക്കെത്തിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി പറഞ്ഞു. സാമൂഹിക നീതി വകുപ്പ് സംഘടിപ്പിച്ച ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടയം സുവർണ ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അവർ.
ഭിന്നശേഷി വിഭാഗക്കാർ നേരിടുന്ന യഥാർഥ പ്രശ്നങ്ങളും അവരുടെ കഴിവുകളും മനസിലാക്കി സർക്കാർ, സർക്കാരിതര സംവിധാനങ്ങളിലൂടെ സഹായമെത്തിക്കാൻ കൂട്ടായ പരിശ്രമം വേണം. ഇതിലൂടെ ഉന്നത നേട്ടങ്ങളുടെ ഉടമകളാകാൻ ഇവർക്കാകും. ദേശീയ ഭിന്നശേഷി ശാക്തീകരണ പുരസ്‌കാരം നേടിയ അയർക്കുന്നം പഞ്ചായത്തിലെ ജൂനിയർ സൂപ്രണ്ട് രശ്മി മോഹനൻ ഭിന്നശേഷി സമൂഹത്തിനു മികച്ച മാതൃകയാണെന്നും നിർമ്മല ജിമ്മി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ റ്റി.എൻ. ഗിരീഷ്‌കുമാർ അധ്യക്ഷത വഹിച്ചു. ദേശീയ ഭിന്നശേഷി ശാക്തീകരണ പുരസ്‌കാരം നേടിയ രശ്മി മോഹനനുവേണ്ടി അമ്മ ബി. രാധാമണി ആദരവ് ഏറ്റുവാങ്ങി. ഭിന്നശേഷി വിഭാഗക്കാർക്കായി സാമൂഹികനീതി വകുപ്പ് നടപ്പാക്കുന്ന പദ്ധതികൾ വിവരിക്കുന്ന ലഘുലേഖ ചടങ്ങിൽ പ്രകാശനം ചെയ്തു. ഭിന്നശേഷിക്കാരുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുതിനായി നടത്തിയ ഓൺലൈൻ മത്സരവിജയികൾക്കുള്ള സമ്മാനവിതരണം കോട്ടയം നഗരസഭ പ്രതിപക്ഷനേതാവ് അഡ്വ. ഷീജ അനിൽ നിർവഹിച്ചു.
വനിത-ശിശു വികസന ഓഫീസർ ജബിൻ ലോലിത സെയിൻ, നാഷണൽ ട്രസ്റ്റ് ലോക്കൽ ലെവൽ കമ്മിറ്റിയംഗം ഫാ.റോയി മാത്യൂ വടക്കേൽ, ഡിഫ്രന്റ്‌ലി എബിൾഡ് വെൽഫെയർ ഫെഡറേഷൻ ജില്ലാ സെക്രട്ടറി കെ.കെ. സുരേഷ്, ജില്ലാ സാമൂഹികനീതി ഓഫീസർ എൻ.പി. പ്രമോദ്കുമാർ, ജൂനിയർ സൂപ്രണ്ട് ജി. ചാൾസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഭിന്നശേഷി നിയമം-2016, ഭിന്നശേഷി സമൂഹവും’ എന്ന വിഷയത്തിൽ മഹാത്മാഗാന്ധി സർവകലാശാല ബിഹേവിയറൽ സയൻസ് വിഭാഗം അധ്യാപകൻ ഡോ. പി.റ്റി. ബാബുരാജ് ക്ലാസെടുത്തു. മത്സരവിജയികളുടെ കലാപരിപാടികളും നടന്നു.
എല്ലാവരേയും ഉൾക്കൊള്ളുന്ന എല്ലാവർക്കും പ്രാപ്യമായ സുസ്ഥിരമായ ഒരു കോവിഡാനന്തര ലോകത്തേക്ക് ഭിന്നശേഷിക്കാരുടെ നേതൃത്വവും പങ്കാളിത്തവും എന്നതായിരുന്നു ദിനാചരണത്തിന്റെ പ്രമേയം.