തൃശൂര്‍ : ശുചിത്വാരോഗ്യ രംഗത്ത് നല്ല വീട് നല്ല നഗരം പദ്ധതിയുടെ ഭാഗമായി  സിന്തറ്റിക് സാനിറ്ററി നാപ്കിൻ പോലുള്ളവ ശാസ്ത്രീയമായി സംസ്കരിക്കാൻ മതിയായ സംവിധാനം ഒരുക്കാൻ കുന്നംകുളം നഗരസഭ. സിന്തറ്റിക് പാഡുകൾക്ക് ബദലുകൾ പ്രോത്സാഹിപ്പിക്കാനാണ് തീരുമാനിച്ചത്. ഈ അന്വേഷണങ്ങൾ ആർത്തവാരോഗ്യം സ്ത്രീക്കും പ്രകൃതിക്കും ഒരു പോലെ പ്രധാനമാണെന്നും തെളിഞ്ഞതിൻ്റെ ഭാഗമായി നഗരസഭയിൽ നടന്ന ബദൽ സാനിറ്ററി പാഡുകൾ സംബന്ധിച്ച പരിശീലനം  സാമൂഹ്യ പ്രവർത്തക റീമ ആനന്ദ് നയിച്ചു.നഗരസഭയിലെ എല്ലാ വീടുകളിലും ജൈവ മാലിന്യം സംസ്കരിക്കാൻ ബയോ ബിന്നുകൾ സ്ഥാപിക്കുകയും അജൈവ മാലിന്യത്തിനായി ഹരിത കർമ്മ സേന അംഗത്വം എടുക്കുകയും ചെയ്തു. എന്നാൽ എല്ലാ വീടുകളിലും സാനിറ്ററി നാപ്കിനുകൾ കത്തിക്കുകയോ, കുഴിച്ചിടുകയോ വലിച്ചെറിയുകയോ, ക്ലോസറ്റിൽ നിക്ഷേപിക്കുകയോ ആണ് ഇപ്പോഴും ചെയ്ത് വരുന്നത്. ഇതെല്ലാം അശാസ്ത്രീയവും പ്രകൃതിക്ക് ദോഷം ചെയ്യുന്നതും  സിന്തറ്റിക് സാനിറ്ററി പാഡുകളുടെ ഉപയോഗം സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നതാണെന്നും റീമ ചൂണ്ടിക്കാട്ടി.
നല്ലവീട് നല്ലനഗരം 2.0 പദ്ധതിയുടെ ഭാഗമായി ക്ലോത്ത് പാഡ്, (ആർത്തവത്തുണി) മെൻസ്ട്രൽ കപ്പ്  (ആർത്തവ കപ്പ്) എന്നിവ   ഉപയോഗിക്കേണ്ടതിൻ്റെ പ്രാധാന്യത്തെ സംബന്ധിച്ച് ജനകീയ ക്യാമ്പയിൻ നടത്തുന്നതിൻ്റെ മുന്നോടിയായി നടന്ന പരിശീലകരുടെ പരിശീലനത്തിൽ കൗൺസിലർമാർ, കുടുംബശ്രീ പ്രവർത്തകർ, നല്ല വീട് നല്ല നഗരം പദ്ധതിയുടെ റിസോഴ്സ് പേഴ്സൺമാർ, നഗരസഭ ജീവനക്കാർ തുടങ്ങി വിവിധ മേഖലകളിലുള്ള വനിതകൾ പങ്കെടുത്തു.നഗരസഭ ചെയർപേഴ്സൺ സീതരവീന്ദ്രൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ, സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സജിനി പ്രേമൻ, ടി.സോമശേഖരൻ, സെക്രട്ടറി ടി കെ സുജിത്, ഹെൽത്ത് സൂപ്പർവൈസർ കെ എസ് ലക്ഷ്മണൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ എ മോഹൻദാസ്, പി എ വിനോദ്, കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ഷിജി നികേഷ് എന്നിവർ  സംസാരിച്ചു.