എറണാകുളം: ഡിസംബർ 5 ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് കോട്ടുവള്ളി ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്ന് സംഘടിപ്പിച്ച കുട്ടികളുടെ ഷോർട് ഫിലിം ഫെസ്റ്റിവെൽ ശനിയാഴ്ച നടക്കും. മത്സരത്തിൽ പങ്കെടുത്ത ഇരുപതോളം ചിത്രങ്ങൾ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും കർഷകർക്കുമായി ശനിയാഴ്ച രാവിലെ 10 മണി മുതൽ പ്രദർശിപ്പിക്കും.

ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾ മണ്ണ് പ്രമേയമാക്കി മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ലഘുചിത്രങ്ങളാണ് നിർമ്മിച്ചിട്ടുള്ളത്. മേളയിൽ ഏറ്റവും മികച്ച ജനപ്രിയ ചിത്രം തിരഞ്ഞെടുക്കുവാനുള്ള അവസരം പ്രേക്ഷകർക്കുണ്ടായിരിക്കും. മണ്ണ് പ്രമേയമാക്കി ചരിത്രത്തിലാദ്യമായിട്ടാണ് ലഘുചിത്രമേള സംഘടിപ്പിക്കുന്നത്.

മികച്ച ചിത്രങ്ങൾക്ക് ഡിസംബർ 5 മണ്ണ് ദിനാഘോഷ വേദിയിൽ വെച്ച് പുരസ്കാരങ്ങൾ നൽകും. ചെറിയപ്പിളളിക്ക് സമീപം കാട്ടിക്കുളം മഹാത്മാഗാന്ധി സ്മാരക ഓഡിറ്റോറിയത്തിൽ വെച്ചാണ് ഫിലിം ഫെസ്റ്റിവെൽ സംഘടിപ്പിക്കുന്നത്. രാവിലെ 10 മണി, ഉച്ചയ്ക്ക് 2 മണി, വൈകീട്ട് 4 മണി, 6 മണി എന്നീ സമയങ്ങളിലാണ് ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്.