തിരുവനന്തപുരം: പൊന്മുടി ഗവണ്മെന്റ് യു പി സ്‌കൂളിലെ നവീകരിച്ച കെട്ടിടം ഡി.കെ മുരളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വാമനപുരം നിയോജക മണ്ഡലത്തിലെ 2019-20 ആസ്തി വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നവീകരിച്ചത്. പൊന്മുടി പോലുള്ള തോട്ടം മേഖലയിലെ തൊഴിലാളികളുടെ കുട്ടികളെ സ്‌കൂളിലെത്തിച്ച് പൊതുവിദ്യാഭ്യാസ മേഖലയില്‍ വികസനം കൊണ്ടുവരാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെന്നും ഗവണ്മെന്റ് സ്‌കൂളുകള്‍ വികസനത്തിന്റെയും മാറ്റത്തിന്റെയും പാതയിലാണെന്നും ഡി.കെ മുരളി എം.എല്‍.എ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. അതോടൊപ്പം പുതിയൊരു സ്‌കൂള്‍ ബസും അനുവദിച്ചിട്ടുണ്ട്.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സ്‌കൂള്‍ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സോഫി തോമസ്, ജനപ്രതിനിധികള്‍,  ഹെഡ് മിസ്ട്രസ് അനീസ, അധ്യാപകര്‍, പി ടി എ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.