പൊതുമരാമത്ത് പ്രവൃത്തികളുടെ പരിപാലന കാലാവധി (ഡിഫെക്ട് ലൈബിലിറ്റി പിരീഡ് – ഡി.എല്‍.പി) ബോര്‍ഡുകള്‍ പൊതുജനങ്ങളുടെ അറിവിലേക്കായി സംസ്ഥാനത്ത് ഉടനീളം സ്ഥാപിക്കുന്നത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ഭാവിയില്‍ വലിയ മാറ്റങ്ങള്‍ വരുത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മാസ്‌കറ്റ് ഹോട്ടലില്‍ നടന്‍ ജയസൂര്യയുമായി ചേര്‍ന്നു നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പി.ഡബ്ല്യു.ഡി മാനുവല്‍ പ്രകാരമാണു പരിപാലന കാലാവധി നിലവില്‍ വന്നിട്ടുള്ളത്.

പൊതുമരാമത്ത് ഉത്തരവുപ്രകാരം പുതിയ ബി.എം.ബി.സി റോഡുകള്‍ക്ക് മൂന്ന് വര്‍ഷവും, അതല്ലാത്ത റോഡുകള്‍ക്ക് രണ്ടു വര്‍ഷവും, ഉപരിതലത്തില്‍ മാത്രം ബി.എം.ബി.സി ഉപയോഗിച്ച റോഡുകള്‍ക്ക് രണ്ടു വര്‍ഷവും, അറ്റകുറ്റപ്പണികള്‍ക്ക് ആറ് മാസവും പരിപാലന കാലാവധി ഉണ്ടാകും. ഈ കാലയളവിനുള്ളില്‍ റോഡുകള്‍ക്ക് തകരാര്‍ സംഭവിച്ചാല്‍ റോഡുകളില്‍ സ്ഥാപിക്കുന്ന പരിപാലന കാലാവധി സംബന്ധിച്ച് ബോര്‍ഡുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള കരാറുകാരന്റേയും അറ്റകുറ്റപ്പണികള്‍ നടത്താന്‍ ബാധ്യസ്ഥനായ എന്‍ജിനീയറുടെയും ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് റോഡ് പരിപാലനം ഉറപ്പാക്കാം. പൊതുമരാമത്ത് വകുപ്പിന്റെ ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചും പരിപാലന കാലാവധി സംബന്ധിച്ച കാര്യങ്ങള്‍ ജനങ്ങള്‍ക്ക് ശ്രദ്ധയില്‍പ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് പങ്കാളിത്തം നല്കുന്ന നടപടിയാണിത്. പൊതുജനം ഈ ഉത്തരവാദിത്തം ഏറ്റെടുക്കണം. വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായും സമയബന്ധിതമായും കാര്യക്ഷമമായും നടപ്പാക്കാന്‍ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും എന്‍ജിനീയര്‍മാരുമടങ്ങുന്ന മിഷന്‍ ടീം രണ്ടാഴ്ച കൂടുമ്പോള്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നുണ്ടെന്നും ജില്ലാതലത്തില്‍ കളക്ടര്‍ ചെയര്‍മാനും റോഡ്സ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കണ്‍വീനറുമായ ഡിസ്ട്രിക്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി (സി.ഐ.സി.സി) കഴിഞ്ഞ നാലുമാസമായി പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

മഴക്കാലത്തും നല്ല രീതിയില്‍ റോഡുകള്‍ പരിപാലിക്കപ്പെടണമെന്ന് നടന്‍ ജയസൂര്യ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് കൈക്കൊള്ളുന്ന നടപടികളില്‍ വലിയ പ്രതീക്ഷയുണ്ടെന്നും തകരാറിലായ റോഡുകളെ സംബന്ധിച്ച് ജനങ്ങള്‍ക്ക് ഇടപെടല്‍ നടത്താന്‍ ഡി.എല്‍.പി. ബോര്‍ഡുകളിലൂടെ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
വി.കെ പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മേയര്‍ ആര്യ രാജേന്ദ്രന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ്, ജോയിന്റ് സെക്രട്ടറി സാംബശിവ റാവു, കൗണ്‍സിലര്‍ ഡോ. റീന കെ.എസ്, ചീഫ് എന്‍ജിനീയര്‍ അജിത് രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.