ലോക മണ്ണ് ദിനാചരണം ഞായറാഴ്ച (ഡിസംബര്‍ 5) രാവിലെ ഒമ്പതിന് പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ അയ്യപ്പങ്കാവ് എ.എസ് ഓഡിറ്റോറിയത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷാ പ്രേമകുമാര്‍ അധ്യക്ഷയാകും.

മണ്ണ് പരിപാലനത്തിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങളെ കൂടുതല്‍ ബോധവത്ക്കരിക്കുന്നതിന് ഐക്യരാഷ്ട്രസഭ 2012 മുതലാണ് ഡിസംബര്‍ അഞ്ചിന് ലോക മണ്ണ് ദിനമായി ആചരിച്ചുവരുന്നത്. മണ്ണിന്റെ ലവണീകരണം കുറയ്ക്കുക, ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുക എന്നതാണ് ഈ വര്‍ഷത്തെ ലോക മണ്ണ് ദിന സന്ദേശം.

ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ മണ്ണ് -ജല സംരക്ഷണ മേഖലയില്‍ സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കര്‍ഷകരെ ആദരിക്കല്‍, കര്‍ഷക സെമിനാര്‍ ഉണ്ടായിരിക്കും. ജില്ലയിലെ മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങളെകുറിച്ച് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ താരാ മനോഹരന്‍ വിഷയാവതരണം നടത്തും. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ വി. മുരുകദാസ്, ജില്ലാ പഞ്ചായത്തംഗം മാധുരി പത്മനാഭന്‍ മുഖ്യാതിഥികളാകും. പെരുമാട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കൃഷ്ണകുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഷീബ രാധാകൃഷ്ണന്‍, പതിനാറാം വാര്‍ഡ് അംഗം എസ് വിനോദ് ബാബു, മണ്ണ് പര്യവേഷണ അസിസ്റ്റന്റ് ഡയറക്ടര്‍ വി.വി റീന എന്നിവര്‍ സംസാരിക്കും.

തുടര്‍ന്ന് രാവിലെ 11 ന് ‘മണ്ണ് പരിപോഷണം ജൈവകൃഷിയിലൂടെ’ വിഷയത്തില്‍ പാലക്കാട് മണ്ണ് പരിവേഷണ ഓഫീസര്‍ എന്‍. എം ധന്യയും ‘നീര്‍ത്തടാധിഷ്ഠിത മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍’ വിഷയത്തില്‍ ഒറ്റപ്പാലം മണ്ണ് സംരക്ഷണ ഓഫീസര്‍ എ വിശ്വനാഥനും സെമിനാര്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് രണ്ടിന് വകുപ്പിന്റെ മണ്ണ് പരിപാലനം ആപ്ലിക്കേഷനായ എം.എ.എം.നെ സംബന്ധിച്ച് മണ്ണ് പര്യവേഷണ ഓഫീസര്‍ കെ എസ് ഹൃദ്യ വിശദീകരിക്കും. ദിനാചരണത്തിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് സൗജന്യ മണ്ണ് പരിശോധനയ്ക്കുള്ള സൗകര്യവും അന്നേദിവസം ഉണ്ടായിരിക്കും. താല്‍പര്യമുള്ളവര്‍ തങ്ങളുടെ കൃഷിഭൂമിയിലെ മണ്ണ് ശേഖരിച്ച് വിവരങ്ങള്‍ അടങ്ങിയ സ്ലിപ്പ് സഹിതം എത്തണമെന്ന് അധികൃതര്‍ അറിയിച്ചു.