അസംഘടിത തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ഇ-ശ്രം പോര്‍ട്ടലിലേക്കുള്ള രജിസ്ട്രേഷന്‍ എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് ജില്ലാകലക്ടറുടെ ചുമതലയുള്ള എ.ഡി.എം എന്‍.എം മെഹറലി പറഞ്ഞു. ജില്ലാതല ഇ-ശ്രം ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അര്‍ഹരായ മുഴുവന്‍ തൊഴിലാളികളും ഡിസംബര്‍ 31നകം ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റേണ്ടതാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) വി.വി രശ്മി അറിയിച്ചു. രജിസ്‌ട്രേഷന്‍ വേഗത്തിലാക്കാന്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍, കുടുംബശ്രീ, ഫിഷറീസ് വകുപ്പ്, വിവിധ തൊഴിലാളി സംഘടനകള്‍ എന്നിവരുടെ സഹകരണം ഉറപ്പാക്കും. വിവിധ വകുപ്പ് പ്രതിനിധികള്‍, തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
16നും 59നും ഇടയില്‍ പ്രായമുള്ള ഇ.എസ്.ഐ, ഇ.പി.എഫ് അര്‍ഹതയില്ലാത്തതും, ഇന്‍കം ടാക്സ് പരിധിയില്‍ വരാത്തതുമായ എല്ലാ അസംഘടിത തൊഴിലാളികള്‍ക്കും ഇ-ശ്രം രജിസ്ട്രേഷന്‍ നടത്താം. ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ കാര്‍ഡ് ലഭ്യമാക്കും. ഇതുവഴി കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതി പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് ലഭ്യമാകും. കൂടാതെ തൊഴിലാളികള്‍ക്ക് പ്രധാന്‍ മന്ത്രി സുരക്ഷാ ഭീമാ യോജന പ്രകാരം അപകട ഇന്‍ഷൂറന്‍സ് ആയി രണ്ട് ലക്ഷം രൂപയും ദേശീയ അടിയന്തിരാവസ്ഥയിലും ദേശീയ ദുരന്ത ഘട്ടങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കാന്‍ അര്‍ഹതയുണ്ട്.
മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളവര്‍ക്ക് register.eshram.gov.in എന്ന വെബ് സൈറ്റ് വഴി സ്വയം രജിസ്റ്റര്‍ ചെയ്യാം. അല്ലെങ്കില്‍ അക്ഷയ കേന്ദ്രങ്ങള്‍/കോമണ്‍ സര്‍വീസ് കേന്ദ്രങ്ങള്‍ /ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് എന്നിവ വഴി സൗജന്യമായി e-SHRAM Portalല്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നതിനായി മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ അത്യാവശ്യമാണ്.
സ്വയം തൊഴില്‍ ചെയ്യുന്നവര്‍, തൊഴിലുറപ്പ് ജോലി ചെയ്യുന്നവര്‍, നിര്‍മാണ തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, ചെറുകിട കച്ചവടക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, മത്സ്യ തൊഴിലാളികള്‍, ക്ഷീര കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, വീട്ടു ജോലിക്കാര്‍, തടിപ്പണിക്കാര്‍, ബീഡി തൊഴിലാളികള്‍, പത്ര ഏജന്റുമാര്‍, ഓട്ടോ-ടാക്സി ഡ്രൈവര്‍മാര്‍, തയ്യല്‍ തൊഴിലാളികള്‍, അതിഥി തൊഴിലാളികള്‍, ക്വാറി തൊഴിലാളികള്‍ തുടങ്ങി ഇ.പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ ഇല്ലാത്ത, ഇന്‍കം ടാക്സ് പരിധിയില്‍ വരാത്ത എല്ലാ അസംഘടിത തൊഴിലാളികള്‍ക്കും ഇ-ശ്രം രജിസ്ട്രേഷന്‍ നടത്താം.