കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ-ഡിസ്‌ക്) ജില്ലാ വിഭാഗമായ ഇന്നോവേഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല ആശയ രൂപീകരണ സെമിനാര്‍ സംഘടിപ്പിച്ചു. ട്രെഡീഷണല്‍ ഇന്‍ഡസ്ട്രീസ് ആന്‍ഡ് എം.എസ്.എം.ഇഎന്ന വിഷയത്തിലാണ് സെമിനാര്‍. എസ്.എസ്.എം പോളിടെക്‌നിക്ക് കോളജില്‍ നടന്ന പരിപാടി കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷയായി. തൃശൂര്‍ എം.എസ്.എം.ഇ ജോയിന്റ് ഡയറക്ടര്‍ ജി.എസ്. പ്രകാശ്, ചെന്നൈ മൈബോം കണ്‍സള്‍ട്ടന്‍സി ഫൗണ്ടര്‍ അജിത്ത് മത്തായി എന്നിവര്‍ വിഷയാവതരണം നടത്തി.

സ്‌കൂള്‍, കോളജ്, ഗവേഷണതലത്തിലുള്ള 13 വയസിനും 35 വയസിനും മധ്യേ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് അവരുടെ നൂതന ആശയങ്ങള്‍ വികസിപ്പിക്കാനും അവ പ്രാവര്‍ത്തികമാക്കാനും ആവശ്യമായ സാങ്കേതിക സാമ്പത്തിക സഹായം നല്‍കാന്‍ കെ-ഡിസ്‌ക് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന പരിപാടിയാണ് യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം. രണ്ട് മുതല്‍ അഞ്ചുവരെ അംഗങ്ങളുള്ള ടീമുകളായാണ് വിദ്യാര്‍ഥികള്‍ ഈ പരിപാടിയിലേക്ക് രജിസ്റ്റര്‍ ചെയ്യേണ്ടത്. പരമാവധി മൂന്ന് വര്‍ഷത്തേക്കാണ് കെ-ഡിസ്‌ക് പ്രോത്സാഹനം നല്‍കുക. വളരെ വ്യത്യസ്ഥത നിറഞ്ഞ യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിന്റെ നാലാം പതിപ്പായ 2021-2024 ഘട്ടത്തില്‍ 30,000 ടീമുകളില്‍ നിന്നായി ഒരു ലക്ഷം വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.
സംസ്ഥാന ഉദ്ഘാടനത്തിന്റെ ഭാഗമായാണ് യങ് ഇന്നോവേറ്റേഴ്സിലെ തെരഞ്ഞെടുത്ത 20 മേഖലകളിലും ആശയ രൂപീകരണ സെമിനാര്‍ സംഘടിപ്പിച്ചത്. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും യങ് ഇന്നോവേറ്റേഴ്സ് പോര്‍ട്ടലിലേക്ക് രജിസ്റ്റര്‍ ചെയ്യുന്ന നടപടികള്‍ നടന്നുവരുന്നു. ഇതിനകം 700 സ്ഥാപനങ്ങളില്‍ നിന്നും 450 സ്ഥാപനങ്ങള്‍ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. ബാക്കിയുള്ള സ്ഥാപനങ്ങളെക്കൂടി പ്രോഗ്രാമിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു.

ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ നസീബ അസീസ്, ജില്ലാ പഞ്ചായത്ത് അംഗം എം.കെ.എം. ഷാഫി, എസ്.എസ്.എം പോളിടെക്‌നിക്ക് പ്രിന്‍സിപ്പല്‍ അബ്ദുല്‍ നാസര്‍ കയ്പഞ്ചേരി, സിയാദ് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രതിനിധി കള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.