കേന്ദ്ര കേരള സര്‍ക്കാരുകളുടെ ധനസഹായത്തോടെ ഇടുക്കി ജില്ലയില്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത സാക്ഷരതാ പദ്ധതിയായ പഠ്ന ലിഖ് ന അഭിയാന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് എസ് റ്റി, എസ് സി പ്രമോട്ടര്‍മാര്‍ക്കായി പരിശീലനം സംഘടിപ്പിച്ചു. അടിമാലി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തിയ പരിശീലന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ലി മാത്യൂ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം രാജു കെ കെ അധ്യക്ഷനായിരുന്നു.

സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി എം അബ്ദുള്‍കരീം, പരിശീലനത്തിന് നേതൃത്വം നല്കി. ഇളംദേശം, തൊടുപുഴ, അടിമാലി, ദേവികുളം ബ്ലോക്കുകളിലെ എസ് റ്റി / എസ് സി പ്രമോട്ടര്‍മാര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.

സംസ്ഥാനത്ത് തിരുവനന്തപുരം, വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളാണ് പഠ്ന ലിഖ് ന അഭിയാന്‍ പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട മറ്റു ജില്ലകള്‍. 2022 മാര്‍ച്ച് 31 ഓടെ അഞ്ചു ജില്ലകളിലായി 200000 പേരെ സാക്ഷരരാക്കാനുള്ള പദ്ധതിയാണിത്. ഇടുക്കി ജില്ലയില്‍ നിന്ന് 20000 പേരെ പദ്ധതിയുടെ ഭാഗമായി കണ്ടെത്തി സാക്ഷരരാക്കും.ഇതിനായി 2000 സന്നദ്ധ പ്രവര്‍ത്തകരെ കണ്ടെത്തും.

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും, സന്നദ്ധ സംഘടനകളുടെയും സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തകരുടെയും സേവനം ഇതിനായി ഉപയോഗപ്പെടുത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംഘാടക സമിതികള്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സാക്ഷരതാ മിഷന്‍ ജില്ലാ അസി. കോര്‍ഡിനേറ്റര്‍ ജെമിനി ജോസഫ് സ്വാഗതവും ബ്ലോക്ക് പ്രേരക് ഡോളി ജോണി നന്ദിയും പറഞ്ഞു. അടിമാലി പഞ്ചായത്ത് പ്രേരക് ഏലിയാമ്മ ജോയി പഞ്ചായത്തിലെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.