സംസ്ഥാനത്തു വിൽക്കുന്ന പാൽ, ഇറച്ചി, മുട്ട എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്നു വനം – മൃഗ സംരക്ഷണ വകുപ്പു മന്ത്രി അഡ്വ. കെ. രാജു. പാൽ ഉത്പാദനത്തിൽ ഈ വർഷം അവസാനത്തോടെ സംസ്ഥാനം സ്വയംപര്യാപ്തത നേടുമെന്നും അദ്ദേഹം പറഞ്ഞു. കുടപ്പനക്കുന്നിൽ സംസ്ഥാന പൗൾട്രി ഡെവലപ്‌മെന്റ് കോർപ്പറേഷനു കീഴിലുള്ള ബ്രോയിലർ ബ്രീഡർ ഫാമിലെ നവീകരിച്ച ഹാച്ചറി സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പാൽ ഉത്പാദനത്തിൽ സ്വയംപര്യാപത നേടുന്ന മുറയ്ക്കു സംഭരണ സംവിധാനം ഒരുക്കുന്നതിൽ മിൽമ നടപടിയെടുക്കണമെന്നു മന്ത്രി പറഞ്ഞു. രണ്ടു വർഷം മുൻപു പ്രതിദിനം ഏഴു ലക്ഷം ലിറ്റർ പാൽ ആയിരുന്നു മറുനാട്ടിൽനിന്ന് എത്തിയിരുന്നത്. ഇപ്പോൾ അത് ഒന്നര ലക്ഷമായി കുറഞ്ഞു. സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്ക് ആഭ്യന്തര ഉത്പാദനം വളർന്നതിനു തെളിവാണിത്. ഇതിനൊപ്പം പാൽ സംഭരണ കാര്യത്തിൽ പുത്തൻ രീതികൾ ആവിഷ്‌കരിക്കേണ്ടതുണ്ട്. വിതരണത്തിനുള്ള പാലിനു ശേഷം അധികമായി വരുന്നതു കൂടുതൽ മൂല്യവർധിത ഉത്പന്നങ്ങളാക്കി വിപണിയിലെത്തിക്കാൻ മിൽമയ്ക്കു കഴിയണം. അതിൽനിന്നുള്ള വരുമാനവും കർഷകരിൽ എത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
പാലിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ തീവ്രയജ്ഞ പരിപാടി ആരംഭിച്ചിട്ടുണ്ട്. ഇതേ രീതിയിൽ ഇറച്ചിയുടേയും മുട്ടയുടേയും ഗുണനിലവാരം ഉറപ്പാക്കും. വിഷമയമുള്ള ഇറച്ചിയും പാലും മുട്ടയും കേരളത്തിലെത്തുന്നതു തടയാൻ സർക്കാർ എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കുടപ്പനക്കുന്ന് ഫാമിൽ നടന്ന ചടങ്ങിൽ കെ. മുരളീധരൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കൗൺസിലർ എസ്. അനിത, കെ.എസ്.പി.ഡി.സി. ചെയർപേഴ്‌സൺ ജെ. ചിഞ്ചു റാണി, മാനേജിങ് ഡയറക്ടർ വിനോദ് ജോൺ, മാർക്കറ്റിങ് മാനേജർ വി. സുകുമാരൻ നായർ, മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടർ എൻ.എൻ. ശശി എന്നിവർ പ്രസംഗിച്ചു.
കുടപ്പനക്കുന്ന് ബ്രോയിലർ ബ്രീഡർ ഫാമിൽനിന്ന് നിലവിൽ പ്രതിമാസം ഒരു ലക്ഷം കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നുണ്ട്. പുതിയ ഹാച്ചറി പ്രവർത്തനം തുടങ്ങുന്നതോടെ ഇത് ഇരട്ടിയിലധികമാകും. പ്രതിമാസം രണ്ടര ലക്ഷം കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ.