ആറു മാസത്തിനകം പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍
പട്ടികജാതി വികസന വകുപ്പിന്റെ അംബേദ്കര്‍ ഗ്രാമവികസന പരിപാടിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ ചെലവില്‍ നടപ്പിലാക്കുന്ന ധര്‍മ്മടം അംബേദ്കര്‍ കോളനി നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം പട്ടികജാതി പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി എ.കെ ബാലന്‍ നിര്‍വഹിച്ചു. ആറു മാസത്തിനകം നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുമെന്നും അതോടെ കോളനിയുടെ മുഖച്ഛായ തന്നെ മാറുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഭൂപരിഷ്‌ക്കരണ നിയമം കേരള സമൂഹത്തിന്റെ ജീവിത പുരോഗതിയില്‍ വലിയ പങ്കുവഹിച്ചുവെങ്കിലും പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് മറ്റുള്ളവര്‍ക്കുണ്ടായതു പോലെയുള്ള ഗുണഫലം കൈവരിക്കാന്‍ സാധിച്ചിട്ടില്ലെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പാര്‍പ്പിടം, തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ പുരോഗതി കൈവരിക്കുന്നതിലൂടെ മാത്രമേ അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാവൂ എന്ന തിരിച്ചറിവില്‍ നിന്നാണ് അംബേദ്കര്‍ ഗ്രാമവികസനം പോലുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുമ്പെങ്ങുമില്ലാത്ത വിധം പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയില്‍ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. പണമില്ലാത്തത് കൊണ്ട് പഠനം നിര്‍ത്തേണ്ടിവരുന്ന സാഹചര്യം അവര്‍ക്കുണ്ടാവില്ല. വിദേശ രാജ്യങ്ങളിലടക്കം പോയി പഠിക്കാനുള്ള സൗകര്യം അവര്‍ക്ക് നല്‍കിവരുന്നതായും അദ്ദേഹം പറഞ്ഞു. രണ്ടു വര്‍ഷത്തിനിടയില്‍ ഈ വിഭാഗങ്ങളില്‍ നിന്നുള്ള 1600 പേര്‍ക്ക് വിദേശത്ത് ജോലി നേടിക്കൊടുക്കാന്‍ സര്‍ക്കാരിന് സാധിച്ചു. കമ്പനികളുമായി സര്‍ക്കാര്‍ മുന്‍കൂട്ടി തൊഴില്‍ കരാറിലേര്‍പ്പെട്ട ശേഷമാണ് വിസയ്ക്കും ടിക്കറ്റിനുമുള്ള ചെലവ് ഉള്‍പ്പെടെ വഹിച്ചുകൊണ്ട് ഇവരെ വിദേശരാജ്യങ്ങളിലേക്ക് അയച്ചത്. ടി.ടി.സിയോ ബി.എഡോ പാസ്സായ പട്ടികജാതി പട്ടികവര്‍ഗക്കാരെ കോളനികളിലെ സ്‌കൂളുകളില്‍ അധ്യാപകരായി നിയമിക്കാന്‍ വകുപ്പ് എടുത്ത തീരുമാനത്തിലൂടെ നിലവധി പേര്‍ക്കാണ് ജോലി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കോളനിയിലെ കുടിവെള്ള പദ്ധതി വിപുലീകരണത്തിന് 7.2 ലക്ഷം, ബയോഗ്യാസ് പ്ലാന്റിന് അഞ്ച് ലക്ഷം, വീടുകളില്‍ സോളാര്‍ പവര്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് 37.9 ലക്ഷം, നടപ്പാത നിര്‍മ്മാണത്തിന് അഞ്ച് ലക്ഷം, സംരക്ഷണ ഭിത്തിക്ക് 13.7 ലക്ഷം, കമ്യൂണിറ്റി ഹാള്‍ നവീകരണത്തിന് ആറ് ലക്ഷം, ലൈബ്രറി, സ്മാര്‍ട്ട് കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് ഒന്‍പത് ലക്ഷം, പച്ചക്കറി കൃഷിക്ക് ഒരു ലക്ഷം, വസ്ത്ര നിര്‍മ്മാണ യൂണിറ്റിന് 3.2 ലക്ഷം, കൂണ്‍കൃഷി, പഴവര്‍ഗ്ഗ കൃഷി എന്നിവയ്ക്ക് ഒരു ലക്ഷം വീതം എന്നിങ്ങനെയാണ് തുക മാറ്റി വച്ചിരിക്കുന്നത്. കോളനി നിവാസികള്‍ ശ്രമദാനത്തിലൂടെ പദ്ധതി പ്രവര്‍ത്തനവുമായി സഹകരിച്ചാല്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ഷാജു കെ.കെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സി സീമ, ഗ്രാമപഞ്ചായത്ത് അംഗം ഗോപീകൃഷ്ണന്‍ മാസ്റ്റര്‍, സജിത് കെ നമ്പ്യാര്‍, ജനപ്രതിനിധികള്‍, പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ധര്‍മടം പഞ്ചായത്ത് പ്രസിഡന്റ് ബേബി സരോജം സി.പി സ്വാഗതവും ജാനകി കാവളാന്‍ നന്ദിയും പറഞ്ഞു. ജില്ലാ നിര്‍മ്മിതി കേന്ദ്രമാണ് പദ്ധതിയുടെ നിര്‍വ്വഹണ ഏജന്‍സി.