ജനങ്ങള്‍ക്ക് പ്രയോജനപ്രദമായ രീതിയില്‍ സിവില്‍ സര്‍വീസ് മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷന്‍ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഓഫീസുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന ജനങ്ങളോട്  സഹാനുഭൂതിയോടെയും സഹായകരമായ രീതിയിലും ഇടപെടാന്‍ ജീവനക്കാര്‍ തയ്യാറാകണം. ജനങ്ങളാണ് യജമാനന്‍മാര്‍ എന്നും ജനസേവനമാണ് തങ്ങളുടെ ഉത്തരവാദിത്തമെന്നും  ജീവനക്കാര്‍ തിരിച്ചറിയുമ്പോഴാണ് ജനപക്ഷ ഓഫീസുകള്‍ യാഥാര്‍ത്ഥ്യമാകുന്നത്. സര്‍വീസ് മേഖലയില്‍ പുതിയൊരു സംസ്‌കാരം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന് സര്‍വീസ് സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു.
രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം അംഗീകരിക്കപ്പെട്ടിട്ടുണ്ട്.  അഴിമിതി തീരെയില്ലാത്ത സംസ്ഥാനമാക്കി മാറ്റുകയാണ് ഗവണ്‍മെന്റിന്റെ ലക്ഷ്യം. അഴിമതി കണ്ടാല്‍ ഇടപെടാനും തിരുത്താനും ഉദ്യോഗസ്ഥര്‍ക്ക് സാധിക്കണം. എല്ലാ തലങ്ങളിലും സുതാര്യമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന്  ജീവനക്കാര്‍ നിര്‍ബന്ധബുദ്ധിയോടെ പ്രവര്‍ത്തിക്കണം.
ഇന്റര്‍നെറ്റും ഡിജിറ്റല്‍ സംവിധാനങ്ങളും വ്യാപകമായ കാലത്ത് സര്‍ക്കാര്‍ ഓഫീസുകളിലെ തീരുമാനങ്ങള്‍ വൈകുന്നതിന് നീതികരണമില്ല.  ജനങ്ങള്‍ക്ക് സേവനങ്ങള്‍ അതിവേഗത്തില്‍ ലഭ്യാമാക്കുന്നതിനായി ജീവനക്കാര്‍ പുതിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തണം-മുഖ്യമന്ത്രി നിര്‍ദേശിച്ചു.
വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ ഒരേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത് സേവനങ്ങള്‍ ജനങ്ങള്‍ക്ക് സമയബന്ധിതമായി നല്‍കുന്നതിന് ഉപകരിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.
പി. അയിഷാ പോറ്റി എം.എല്‍.എ സ്വാഗതം പറഞ്ഞ ചടങ്ങില്‍  കൊടിക്കുന്നില്‍ സുരേഷ് എം.പി,  കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ, മുന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബി. ശ്യാമളയമ്മ, ജില്ലാ കളക്ടര്‍ ഡോ.എസ്. കാര്‍ത്തികേയന്‍, സബ്കളക്ടര്‍ ഡോക്ടര്‍ ഡോ.എസ്. ചിത്ര അസിസ്റ്റന്റ് കളക്ടര്‍ എസ് .ഇലക്കിയ, എ.ഡി.എം. ബി. ശശികുമാര്‍, സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി എന്‍. അനിരുദ്ധന്‍, ബി.ജെ.പി ജില്ലാ സെക്രട്ടറി വയയ്ക്കല്‍ സോമന്‍, കേരള കോണ്‍ഗ്രസ്(ബി) ജില്ലാ പ്രസിഡന്റ് എ. ഷാജു, കേരള കോണ്‍ഗ്രസ്(ജെ) ജില്ലാ ജനറല്‍ സെക്രട്ടറി ആര്‍. രാജശേഖരന്‍ പിള്ള, കേരള കോണ്‍ഗ്രസ്(എം) പ്രതിനിധി മാത്യൂ ജോര്‍ജ്ജ്, ആര്‍.എസ്.പി(ലെനിനിസ്റ്റ്) ജില്ലാ സെക്രട്ടറി സാബു ചക്കുവള്ളി, തഹസീല്‍ദാര്‍ ബി. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.