സംസ്ഥാനത്ത് അഗ്നി-രക്ഷാ സേനയുടെ സേവനം വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കടയ്ക്കല്‍ ഫയര്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെയും നവീകരിച്ച ഗ്രാമപഞ്ചായത്ത് ടൗണ്‍ ഹാളിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹ്യ പ്രതിബദ്ധതയുള്ള വോളണ്ടിയര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തി അടിയന്തര സഹായം പരമാവധി മേഖലകളില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്. അഗ്നി-രക്ഷാ സേനയുടെ പരിശീലനം വോളണ്ടിയര്‍മാര്‍ക്ക് നല്‍കിയാല്‍ അപകട സ്ഥലങ്ങളില്‍ സേന എത്തുന്നതിന് മുമ്പ് അവശ്യസഹായം നല്‍കാനാകും. സംസ്ഥാനത്തെ 123 ഫയര്‍ സ്റ്റേഷനുകള്‍ക്ക് കീഴിലും 30 പേര്‍ക്കു വീതം പരിശീലനം നല്‍കും.
അഗ്നി-രക്ഷാ സേനയുടെ ആധുനികവത്കരണത്തിന് നടപടി സ്വീകരിച്ചുവരികയാണ്. ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വീസ് അക്കാദമിയുടെ വികസനവും ആധുനിക ജീവന്‍രക്ഷാ ഉപകരങ്ങള്‍ ലഭ്യമാക്കുന്നതും  ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന ബജറ്റില്‍ 70 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
തീപിടുത്തം അണയ്ക്കുന്നതു മാത്രമാണ് അഗ്നി-രക്ഷാ സേനയുടെ സേവനമെന്ന ധാരണ മാറിയിരിക്കുന്നു. സംസ്ഥാനത്തെമ്പാടും അപകട മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനമാണ് സേന ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളപ്പൊക്കത്തില്‍പെട്ട പ്രദേശങ്ങളില്‍നിന്നും നിരവധി പേരെ രക്ഷപ്പെടുത്താന്‍ ഇവര്‍ക്കു കഴിഞ്ഞു. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിന് സേനയ്ക്ക് ആധുനിക ഉപകരണങ്ങള്‍ അനിവാര്യമാണ്-മുഖ്യമന്ത്രി പറഞ്ഞു.
മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എന്‍.കെ. പ്രേമചേന്ദ്രന്‍ എം.പി, നോര്‍ക്ക റൂട്‌സ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വീസ് ഡി.ജി.പി. എ. ഹേമചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  എസ്. അരുണാദേവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അര്‍.എസ്. ബിജു, ജി. ഗിരീഷ്‌കുമാര്‍, പി. രാധാകൃഷ്ണന്‍ നായര്‍, ഇ. നസീറാബീവി, സുജിത കൈലാസ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  ഇ.എസ് രമാദേവി, അംഗം പി.അര്‍. പുഷ്‌കരന്‍, ജില്ലാ ഫയര്‍ ഓഫീസര്‍ കെ. ഹരികുമാര്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.