ദേശീയ സിവിൽ ഡിഫൻസ് ആൻഡ് ഹോംഗാർഡ്സ് ഡേ ദിനാചരണത്തിന്റെ ഭാഗമായി തൃശൂർ തേക്കിൻകാട് മൈതാനിയിൽ സിവിൽ ഡിഫൻസ് ഹോം ഗാർഡ്‌സിന്റെ പരേഡ് നടന്നു.പി ബാലചന്ദ്രൻ എംഎൽഎ വളണ്ടിയർമാരുടെ സല്യൂട്ട് സ്വീകരിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. നാടിന്റെ സുരക്ഷയ്ക്കായി സ്ത്യുത്യർഹ സേവനം കാഴ്ചവെക്കുന്ന കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസിന്റെ സിവിൽ ഡിഫൻസും ഹോം ഗാർഡ്സും കോവിഡ് കാലത്ത് സംസ്ഥാനത്തിന് നൽകിയ സേവനങ്ങൾ ചരിത്രത്തിൽ രേഖപ്പെടുത്തുമെന്ന് എം എൽ എ പറഞ്ഞു.

വെള്ളപ്പൊക്കം, ദുരന്ത നിവാരണം, നിപ, കോവിഡ് മുതലായ മഹാമാരികൾ ഭീതി പരത്തുമ്പോഴും കേരളത്തിന് കൈത്താങ്ങായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരുപറ്റം സിവിൽ ഡിഫൻസ് പ്രവർത്തകരുണ്ടെന്നത് ആശ്വാസകരമാണെന്നും എംഎൽഎ കൂട്ടിചേർത്തു. അച്ചടക്കമുള്ള ഈ ചെറുപ്പക്കാരിലാണ് നാടിന്റെ ഭാവിയെന്ന് അധ്യക്ഷത വഹിച്ച മേയർ എം കെ വർഗീസ് അഭിപ്രായപ്പെട്ടു.

നാടിന്റെ ദുരന്തമുഖങ്ങളിൽ അടിയന്തര രക്ഷാപ്രവർത്തനം നടത്തുന്നതിനും ഫയർ ആൻഡ് റസ്‌ക്യുവിനൊപ്പം പ്രവർത്തിക്കുന്നതിനുമായി സംസ്ഥാന സർക്കാർ 2019 ഡിസംബറിൽ ആരംഭിച്ച വളണ്ടിയർ സേവനമാണ് സിവിൽ ഡിഫെൻസ്. വിവിധ സേനകളിൽ നിന്ന് വിരമിച്ചതിന് ശേഷവും സേവന മനോഭാവമുള്ള ആളുകളെ ഒന്നിച്ച് ചേർത്ത് കഴിഞ്ഞ പത്ത് വർഷമായി ഫോഴ്സിനൊപ്പം പ്രവർത്തിക്കുന്ന ടീമാണ് ഹോം ഗാർഡ്‌സ്. തൃശൂരിൽ ഇരുന്നൂറോളം സിവിൽ ഡിഫെൻസ് അംഗങ്ങളും 20 ഹോംഗാർഡുകളുമാണ് പരിശീലനം പൂർത്തിയാക്കി സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത്.

ദേശീയ സിവിൽ ഡിഫൻസ് ആൻഡ് ഹോം ഗാർഡ്സ് റേസിംഗ് ഡേയുടെ ഭാഗമായി 120ലധികം വളണ്ടിയർമാർ തേക്കിൻകാട് മൈതാനിയിൽ നടന്ന പരേഡിൽ പങ്കെടുത്തു. ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടർ ജനറൽ ഡോ.ബി സന്ധ്യ, സിവിൽ ഡിഫൻസ്, ഹോംഗാർഡ്സ് വളണ്ടിയർമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് ഫയർ ഫൈറ്റിംഗ്, മോക്ക് ഡ്രില്ലുകൾ എന്നിവയും നടന്നു.ചടങ്ങിൽ ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്കർ, തൃശൂർ സ്റ്റേഷൻ ഓഫീസർ വിജയ് കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.