ജന്മനാടിനുവേണ്ടി വീരമൃത്യു വരിച്ച ധീര ജവാൻമാരുടെ കുടുംബത്തെ ആദരിച്ചു

1971ലെ ഇന്ത്യ -പാകിസ്ഥാൻ യുദ്ധത്തിൽ പങ്കെടുത്ത് ജന്മനാടിന് വേണ്ടി വീരമൃത്യു വരിച്ച ധീര യോദ്ധാക്കളായ സോവർ എ ഡി വറീത് സേനാ മെഡൽ, സീമെൻ പി എൽ ദേവസി എന്നിവരുടെ കുടുംബത്തെ എൻസിസി വിജയ ശൃംഖല ആദരിച്ചു. കേരള, ലക്ഷദ്വീപ് ഡയറക്ടറേറ്റിനും എറണാകുളം ഗ്രൂപ്പിനും വേണ്ടി തൃശൂർ 23 കേരള, സെവൻ കേരള ഗേൾസ്‌ ബറ്റാലിയനുകളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വീരമൃത്യു വരിച്ച ധീര ജവാന്മാരെ സ്മരിച്ചുകൊണ്ട് അയ്യന്തോൾ അമർ ജവാൻ സ്മാരകത്തിൽ എറണാകുളം ഗ്രൂപ്പ്‌ കമാൻഡർ കമഡോർ ഹരികൃഷ്ണൻ പുഷ്പചക്രം സമർപ്പിച്ചു.

തുടർന്ന് സെന്റ് തോമസ് കോളേജിൽ നടന്ന ചടങ്ങിൽ സേനാ മെഡൽ നേടിയ സോവർ എ ഡി വറീതിന്റെ സഹോദരൻ എ ഡി ദേവസി, സിമെൻ പി എൽ ദേവസിയുടെ സഹോദരൻ പി എൽ ജോണി എന്നിവരെ കമാൻഡർ കമഡോർ ഹരികൃഷ്ണൻ ആദരിച്ചു.ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ യൂണിഫോം യുവജന സംഘടനയായ എൻസിസി മുഖാന്തിരം കേഡറ്റുകളിലും മറ്റ് വിദ്യാർത്ഥികളിലും ദേശസ്നേഹവും ഐക്യവും ഉണ്ടാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ.കെ എ മാർട്ടിൻ, സെവൻ കേരള ഗേൾസ്‌ കമാൻഡിങ് ഓഫീസർ കേണൽ ജോസഫ് ആന്റണി, 23 കേരള അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലെഫ്റ്റനന്റ് കേണൽ ജെയിംസ്, മറ്റ് ഉദ്യോഗസ്ഥർ, അസോസിയേറ്റ് എൻസിസി ഓഫീസർമാർ, എൻ സി സി സ്റ്റാഫ് അംഗങ്ങൾ, കേഡറ്റുകൾ തുടങ്ങിയവർ പങ്കെടുത്തു.