പൊന്നാനി അഴിമുഖത്തിന് സമീപം ഭാരതപ്പുഴയില്‍ സര്‍വീസ് നടത്തുന്ന ജങ്കാറിന്റെ സുരക്ഷാ ആശങ്കകളുടെ അടിസ്ഥാനത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. പൊന്നാനി നിന്നും പടിഞ്ഞാറെക്കരയിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന ജങ്കാറിന് കഴിഞ്ഞ ദിവസം യന്ത്ര തകരാറ് സംഭവിച്ചിരുന്നു. അനുവദീയമായതിനേക്കാള്‍ കൂടുതല്‍ യാത്രക്കാരെ കൂട്ടിയാണ് സര്‍വീസ് നടത്തുന്നതെന്ന പരാതിയും ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭാ ചെയര്‍മാന്‍ ബന്ധപ്പെട്ടവരുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തത്.

നിലവില്‍ സര്‍വീസ് നടത്തുന്ന ജങ്കാറിന്റെ ആവശ്യമായ സുരക്ഷാ, അനുമതി രേഖകള്‍ യോഗത്തില്‍ പരിശോധിച്ചു. 2022 വരെയുള്ള പെര്‍മിറ്റ് ജങ്കാറിന് ഉണ്ടെന്ന് കണ്ടെത്തിയെങ്കിലും പെര്‍മിറ്റിന്റെ ആധികാരികത ഉറപ്പുവരുത്തുന്നതിന് ബന്ധപ്പെട്ട പോര്‍ട്ട് ഉദ്യോഗസ്ഥരില്‍ നിന്നും റിപ്പോര്‍ട്ട് തേടാന്‍ യോഗത്തില്‍ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച രാവിലെ കോഴിക്കോട് പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ ഫിറ്റ്‌നസ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് ആധികാരികമായി പരിശോധന നടത്തും. അനുവദീയമായ രീതിയിലുള്ള 59 യാത്രക്കാരും 22 ടണ്‍ ഭാരവും കര്‍ശനമായി പാലിക്കുന്നതിന് ജങ്കാര്‍ പ്രതിനിധിയ്ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ജങ്കാര്‍ സര്‍വീസ് ചൊവ്വാഴ്ച വരെ നിര്‍ത്തിവയ്ക്കാനും യോഗത്തില്‍ ധാരണയായി.
നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപ്പുറത്തിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, പൊതുമരാമത്ത്കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഒ.ഒ ഷംസു, നഗരസഭാ എഞ്ചിനീയര്‍ സുജിത് ഗോപിനാഥ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.കെ സുരേഷ്, പോര്‍ട്ട് ഓഫീസ് പ്രതിനിധി കെ.പി സുധീര്‍, ജങ്കാര്‍ പ്രതിനിധി മുഹമ്മദ് അസ്ലം തുടങ്ങിയവര്‍ പങ്കെടുത്തു.