കൂത്താട്ടുകുളം : പാലക്കുഴ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ അടുത്ത അദ്ധ്യാഹ്ന വർഷം ടിങ്കറിംഗ് ലാബ് അനുവദിക്കുമന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. സ്കൂളിൽ പുതിയതായി തയ്യാറാക്കിയ ശാസ്ത്രപാർക്കിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ 55 ലക്ഷം രൂപ അനുവദിച്ചിരുന്നു. ജില്ല പഞ്ചായത്തിന്റെ ആദ്യ ടറഫ് കോർട്ട് നിർമ്മാണം സ്കൂളിൽ ഉടൻ തുടങ്ങും. കെട്ടിടങ്ങളുടെ മെയിന്റൻസിനും ടൊയ്ലറ്റ് നിർമ്മാണത്തിനു മായാണ് തുക നീക്കി വച്ചിരിക്കുന്നതെന്നും ഉല്ലാസ് തോമസ് പറഞ്ഞു.

ശാസ്ത്ര മുന്നേറ്റം സാധ്യമാക്കുക അന്വേഷണ തത്പരത, ശാസ്ത്ര സർഗാത്മകത എന്നിവ വളർത്തുക ശാസ്ത്രതത്വങ്ങൾ രസകരമായി മനസ്സിലാക്കുക തുടങ്ങിയവയാണ് ശാസ്ത്രപാർക്ക് ലക്ഷ്യമിടുന്നത്.

പാലക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജയ കെ എ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിബി സാബു, പി ടി എ പ്രസിഡൻറ് അജി മോൻ പള്ളിത്താഴത്ത്,
ബി ആർ സി പ്രതിനിധി സജിത എസ്, സ്കൂൾ പ്രിൻസിപ്പൾ
ജെയിംസ് മണക്കാട്, സയൻസ് ക്ലബ്ബ് കൺവീനർ ആർ രജനി എന്നിവർ സംസാരിച്ചു. എച്ച് എം ഇൻ ചാർജ് എം ഷാജി സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി
അഭിലാഷ് പത്തിൽ യോഗത്തിന് നന്ദിയും പറഞ്ഞു.