കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി മുഖേന നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത സാക്ഷരത പദ്ധതിയാണ് പഠ്ന ലിഖ്ന അഭിയാന്‍. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 7ന് ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. തുടര്‍ന്ന് 12. 30ന് ജില്ലാതല ഉദ്ഘാടന ചടങ്ങ് ഇടുക്കി ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും.
ഇടുക്കി, തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് പദ്ധതി നടക്കുന്നത്. ആകെ 2,00,000 പേരെ 2022 മാര്‍ച്ച് 31ഓടെ സാക്ഷരരാക്കുന്ന പദ്ധതിയാണിത്. ഇടുക്കി ജില്ലയില്‍ നിന്ന് 20,000 പേരെയാണ് കണ്ടെത്തേണ്ടത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംഘാടക സമിതികള്‍ രൂപീകരിച്ച് സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകര്‍, സാക്ഷരതാ തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, എസ്. സി, എസ് ടി പ്രൊമോട്ടര്‍മാര്‍, നെഹ്റു യുവകേന്ദ്ര, കുടുംബശ്രീ, എന്‍എസ്എസ്, എന്‍സിസി, യുവജനക്ഷേമ ബോര്‍ഡ്, ഡയറ്റ്, വിദ്യാഭ്യാസ വകുപ്പ് തുടങ്ങി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും മറ്റു കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ബഹുജന ക്യാമ്പയിനായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ചടങ്ങില്‍ ജനപ്രതിനിധികളും വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുക്കും.