അട്ടപ്പാടിയിൽ ബാലാവകാശ കർത്തവ്യവാഹകരുടെ ടാസ്‌ക് ഫോഴ്‌സ് സ്ഥിരം സംവിധാനമാക്കുന്നതിനായി ജില്ലാ കലക്ടർക്ക് കത്ത് നൽകുമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ പറഞ്ഞു. മാസത്തിൽ ഒരിക്കൽ ടാസ്ക് ഫോഴ്സ് അംഗങ്ങളുടെ യോഗം ചേരണമെന്നും അട്ടപ്പാടിയിൽ ബാലാവകാശ കർത്തവ്യവാഹകരുടെ യോഗത്തിൽ അദ്ദേഹം വ്യക്തമാക്കി.

വിവിധ വകുപ്പുകൾക്കൊപ്പം കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് പോലീസിന്റെ ഹോപ്പ്, ചിരി തുടങ്ങിയ പദ്ധതികൾ ഉപയോഗപ്പെടുത്തണം. സ്‌കൂളുകളിൽ കളിസ്ഥലം നിർബന്ധമായും ഉണ്ടാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ചെയർമാൻ പറഞ്ഞു. അട്ടപ്പാടി മേഖലയിലെ ബാലാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, നിലവിൽ നേരിടുന്ന വെല്ലുവിളികൾ, വിവിധ വകുപ്പുകൾ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന നൂതന പദ്ധതികൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.

അഗളി ഗവ. വൊക്കേഷൻ ഹയർ സെക്കൻഡറി സ്‌കൂളിൽ ചേർന്ന യോഗത്തിൽ ഐ.സി.ഡി.എസ്, ആരോഗ്യം, ഐ.ടി.ഡി.പി, എക്സൈസ്, വനം, പോലീസ്, പഞ്ചായത്ത്, കുടുംബശ്രീ, വിദ്യാഭ്യാസം വകുപ്പുകളിലെ ഉദ്യോഗസ്ഥർ, സ്‌കൂൾ പ്രിൻസിപ്പൽമാർ, തഹസിൽദാർ, മഹിലാസമഖ്യ, കാവൽ, കാവൽ പ്ലസ് എൻ.ജി.ഒ. ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.