എറണാകുളം: കോട്ടുവള്ളി പഞ്ചായത്തിൽ ഔഷധ നെൽക്കൃഷി കൊയ്ത്തുത്സവം നടന്നു. പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് ഷാജി ഉദ്ഘാടനം നിർവ്വഹിച്ചു. കർഷകനായ സോമൻ ആലപ്പാട്ടിൻ്റെ കൃഷിയിടത്തിലാണ് കൊയ്ത്തുത്സവം നടന്നത്.

പരമ്പരാഗതവും വംശനാശ ഭീഷണി നേരിടുന്നതുമായ ആറ് ഇനം ഔഷധ നെല്ലിനങ്ങൾ കൃഷിഭവൻ്റെ സഹായത്തോടെ കൃഷി ചെയ്തു. വനങ്ങളിൽ മാത്രം കണ്ടുവരുന്ന കറുവാച്ചിയെന്ന കാട്ട് നെല്ല്, രാജാക്കൻമാരുടെ ഭക്ഷണമായിരുന്ന രക്തശാലി, കേരളത്തിൻ്റെ പരമ്പരാഗത തനതു നെല്ലായ ഞവര, വയനാടൻ നെല്ലിനമായ മല്ലി കുറുവ, പാലക്കാടൻ നെല്ലിനമായ കുഞ്ഞൻ തൊണ്ടി, നെല്ലിക്കയുടെ രുചിയും ഗന്ധവുമുള്ള ഡാബർശാല എന്നീ നെല്ലിനങ്ങൾ സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരമാണ് കൃഷി ചെയ്തത്. വർഷങ്ങളായി തരിശു കിടന്ന രണ്ടര ഏക്കർ സ്ഥലം ഇതിനായി കൃഷിയോഗ്യമാക്കി.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനിജാ വിജു, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സെബാസ്റ്റ്യൻ തോമസ്, പഞ്ചായത്ത് അംഗങ്ങളായ ഷീജാ ബാബു, സിന്ധു നാരായണൻകുട്ടി, പറവൂർ നഗരസഭാ കൗൺസിലർ രഞ്ജിത്, കൃഷി അസിസ്റ്റൻ്റ് എസ്.കെ ഷിനു, കർഷകർ, കർഷക തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.