നികുതി എന്റെ കടമയാണ് എന്ന ബോധ്യം ഒരോ പൗരനിലും ഉണര്‍ത്തുന്നതിനുള്ള ബോധവല്‍ക്കരണ പരിപാടികള്‍ നടത്താന്‍ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന് കഴിയണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ ചരക്ക് സേവന നികുതി ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു. അദ്ദേഹം
ധനവരുമാനമാണ് ഒരു നാടിന്റെ സമ്പദ്ഘടനയെ ശക്തമാക്കുന്നത്.

നികുതിയാണ് അതില്‍ മുഖ്യം. യഥാര്‍ത്ഥത്തില്‍ നികുതി നിരക്കും നികുതി ചെക്ക് പോസ്റ്റുകളുമാണ് ഒരു ദേശത്തിന്റെ അതിര്‍ത്തി നിര്‍ണ്ണയിക്കുന്നത്. ജി എസ് ടി നികുതി സംവിധാനത്തില്‍ വലിയ മാറ്റങ്ങളാണ് വരുത്തിയത്. നികുതി വെട്ടിപ്പ് തടയാന്‍ പരമ്പരാഗത രീതികള്‍ മതിയാവാതെ വന്നിരിക്കുന്നു. ഈ രംഗത്ത് ശാസ്ത്രീയവും സാങ്കേതിക അടിത്തറയുള്ളതുമായ ഇടപെടലുകള്‍ ഉണ്ടാവണം. വ്യാപാരികളെ ദ്രോഹിക്കണം എന്നല്ല ഇതിനര്‍ത്ഥം. ഉപഭോക്താക്കളില്‍ നിന്നും നികുതി ശേഖരിച്ച് സര്‍ക്കാരിന് നല്‍കുന്നവരാണ് വ്യാപാരികള്‍. ആ അര്‍ത്ഥത്തില്‍ ഭരണ സംവിധാനത്തെ സഹായിക്കുകയാണ് അവര്‍ ചെയ്യുന്നത്. എന്നാല്‍ തെറ്റായ പ്രവൃത്തികള്‍ നടത്തുന്നവരോട് ദയാദാക്ഷിണ്യം പാടില്ല. മന്ത്രി പറഞ്ഞു.

ജി എസ് ടി സംവിധാനത്തിന്റെ പ്രായോഗിക പ്രശ്‌നങ്ങളും പഴുതുകളും ഉദ്യോഗസ്ഥര്‍ മന്ത്രിയെ അറിയിച്ചു. ജില്ലകളിലെ നികുതി വരുമാനത്തിന്റെ തോതും നിലയും യോഗം വിലയിരുത്തി. വിഷയങ്ങള്‍ ജി എസ് ടി കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉറപ്പ് നല്‍കി. ജി എസ് ടി കമ്മീഷണര്‍ രത്തന്‍ ഖേല്‍ക്കര്‍ അധ്യക്ഷത വഹിച്ചു. അഡീഷണല്‍ കമ്മീഷണര്‍, കെ ജെ ജെപ്‌സണ്‍, ജോയിന്റ് കമ്മീഷണര്‍മാരായ ആര്‍ ഇ ശ്രീവത്സ, ടി എ അശോകന്‍, ഫിറോസ് കാട്ടില്‍, പ്രശാന്ത് ഗോപാല്‍ എന്നിവരും കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍, അസിസ്റ്റ് കമ്മീഷണര്‍മാര്‍, സ്‌റ്റേറ്റ് ടാക്‌സ് ഓഫീസര്‍മാര്‍ എന്നിവരും പങ്കെടുത്തു.