സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ഓര്‍മകള്‍ പേറുന്ന മതിലുകള്‍ക്ക് പറയാന്‍ എത്രകഥകള്‍ കാണും? ആ കഥകള്‍ക്ക് കണ്ണൂര്‍ സബ് ജയിലിന്റെ മതിലുകളില്‍ ജീവന്‍ നല്‍കുകയാണ് കേരള ലളിതകലാ അക്കാദമി. സ്വാതന്ത്ര്യത്തിന്റെ 75-മത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് കേരള ലളിത കലാ അക്കാദമി സ്വാതന്ത്ര്യ സമര സ്മൃതി ചുമര്‍ചിത്ര രചനാ ക്യാമ്പ് സംഘടിപ്പിച്ചത്.

ഉത്തരമലബാറിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്താളുകളില്‍ മായാതെ കിടക്കുന്ന ഓര്‍മ്മച്ചിത്രങ്ങളെ അക്രിലിക് ചായക്കൂട്ടുകള്‍ കൊണ്ട് പുനരാവിഷ്‌കരിക്കുകയാണ് ഒരു കൂട്ടം കലാകാരന്മാര്‍.

ജന്മിത്വത്തിന്റെ തേര്‍വാഴ്ചക്കെതിരെ കരിവെള്ളൂരില്‍ നടന്ന കര്‍ഷക സമരം, എ കെ ജിയുടെ നേതൃത്വത്തില്‍ നടന്ന പട്ടിണി ജാഥ, കെ കേളപ്പന്റെ നേതൃത്വത്തില്‍ കോഴിക്കോട് നിന്ന് പയ്യന്നൂരിലേക്ക് നടന്ന ഉപ്പ് സത്യാഗ്രഹ യാത്ര, ചരിത്ര പ്രസിദ്ധമായ പയ്യന്നൂരിലെ നാലാം രാഷ്ട്രീയ സമ്മേളനം, പഴശി പോരാട്ടങ്ങള്‍ തുടങ്ങിയ സമരസ്മൃതി ചിത്രങ്ങള്‍ക്കൊപ്പം മഹാത്മാ ഗാന്ധിക്ക് തന്റെ ആഭരണങ്ങള്‍ ഊരിനല്‍കിയ കൗമുദി ടീച്ചറും  ജീവന്‍ തുടിക്കുന്ന ചിത്രങ്ങളായി ഈ ചുമരുകളിലുണ്ട്.

സ്വാതന്ത്ര്യത്തിന്റെ അമൃതവര്‍ഷത്തോടനുബന്ധിച്ച് ലളിതകലാ അക്കാദമി സംഘടിപ്പിച്ച് വരുന്ന പരിപാടികളുടെ തുടര്‍ച്ചയായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഡിസംബര്‍ അഞ്ച് മുതലാണ് ക്യാമ്പ് തുടങ്ങിയത്. ലളിത കല അക്കാദമി വൈസ് ചെയര്‍മാന്‍ എ ബി എന്‍ ജോസഫിന്റെ നേതൃത്വത്തിലാണ് തദ്ദേശീയരായ പത്ത് ചിത്രകാരന്മാര്‍ ചുമര്‍ച്ചിത്ര രചന ക്യാമ്പിന്റെ ഭാഗമായത്.  കലേഷ് കല, കലേഷ്‌കലാലയ, നാസര്‍ ചപ്പാരപ്പടവ്, മഹേഷ് മാറോളി, എം പി റവിന, പി കെ ഷീന, സി കെ സുനില്‍, പീറ്റര്‍, സ്വാതി എസ് മോഹന്‍, ബി ശ്രീലക്ഷ്മി എന്നിവരാണ് ചിത്രങ്ങള്‍ വരച്ചത്.