പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോഡിൽ പ്രസിദ്ധപ്പെടുത്തുന്നതിന്റെ കൊടുങ്ങല്ലൂർ മണ്ഡലതല ഉദ്ഘാടനം നടന്നു. അഡ്വ.വി ആർ സുനിൽ കുമാർ എം എൽ എ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. മികച്ച ഗതാഗത സൗകര്യം ജനങ്ങൾക്കായി ഒരുക്കുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് എം എൽ എ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പി ഡബ്ല്യൂ ഡി, വാട്ടർ അതോറിറ്റി എന്നീ വകുപ്പുകളുടെ സഹകരണത്തോടെയുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നതെന്നും എം എൽ എ കൂട്ടിച്ചേർത്തു.

മാള എളന്തിക്കര റോഡിന്റെ പരിപാലന കാലാവധി പ്രസിദ്ധപ്പെടുത്തുന്നബോർഡാണ് എം എൽ എ അനാച്ഛാദനം ചെയ്തത്. മാള പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ആരംഭിച്ച് പൊയ്യ പഞ്ചായത്ത്‌ ഓഫീസ് പരിസരത്ത് അവസാനിക്കുന്ന റോഡിന്റെ ദൂര പരിധി 3.700 കിലോമീറ്ററാണ്. റോഡുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള പരാതികൾക്കും നിർദ്ദേശങ്ങൾക്കും ബന്ധപ്പെടാനായി കോൺട്രാക്ടർ ഫോൺ നമ്പർ, അസിസ്റ്റന്റ് എൻജിനീയർ നമ്പർ, ട്രോൾ ഫ്രീ നമ്പർ എന്നിവയടങ്ങിയ ബോർഡും റോഡിൽ സ്ഥാപിച്ചിട്ടുണ്ട്.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശോഭ സുഭാഷ്, വൈസ് പ്രസിഡന്റ്‌ സാബു പോൾ എടാട്ടുകാരൻ,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷ നബീസത്, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം എ എ അഷറഫ്, പി ഡബ്ല്യൂ ഡി എ എക്സ് ഇ ജീസൻ ജോസ്, എ ഇ ബിനി പി തുടങ്ങിയവർ പങ്കെടുത്തു.