ജില്ലാ പഞ്ചായത്തും കുടുംബശ്രീ മിഷനും കൈകോര്‍ക്കുന്നു; സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ ഇ.എല്‍.എ പദ്ധതി

കാസര്‍കോട് ജില്ലാ പഞ്ചായത്ത് കുടുംബശ്രീ ജില്ലാ മിഷനുമായി ചേര്‍ന്ന് ആരംഭിച്ച ജില്ലയുടെ തനത് പദ്ധതിയാണ് ‘ഇ.എല്‍.എ’ (എംപ്ലോയ്‌മെന്റ് ഓഫ് ലൈവ്‌ലിഹുഡ് ആക്ടിവിറ്റി)- ഉപജീവന പ്രവര്‍ത്തനങ്ങളുടെ ശാക്തീകരണം. പദ്ധതിയിലൂടെ ഹൈടെക് ഫാമിങ്, മൃഗ സംരക്ഷണം, സംയോജിത കൃഷി, ഫാം ടൂറിസം, മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം, ബ്രാന്‍ഡിങ്, മാര്‍ക്കറ്റിങ്, ഫാര്‍മര്‍ പ്രൊഡ്യൂസഴ്സ് കമ്പനിയുടെ രൂപീകരണം തുടങ്ങിയ പദ്ധതികളാണ് ലക്ഷ്യമിടുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയില്‍ ഇ.എല്‍.എ പദ്ധതിയിലൂടെ നാല് ഇന്റര്‍ഗ്രേറ്റഡ് ഫാമുകള്‍ സ്ഥാപിക്കും.

ഇ.എല്‍.എ പദ്ധതിയുടെ തുടക്കം കുറിച്ച് ചെമ്മനാട് കുടുംബശ്രീ സി.ഡി.എസില്‍ ആരംഭിച്ച ‘മന്ത്ര’ ഇന്റര്‍ഗ്രേറ്റഡ് ഫാം ജില്ലാ പഞ്ചായത്ത് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചെമ്മനാട് പഞ്ചായത്തില്‍ ആരംഭിച്ച സംയോജിത കൃഷിയിടത്തില്‍ പശു, ആട്, കോഴി, കാടക്കോഴി, പോത്ത് തുടങ്ങിയ മൃഗപരിപാലനവും തീറ്റപ്പുല്‍ കൃഷി, പച്ചക്കറി കൃഷി എന്നിവയും നടത്തി വരികയാണ്. കുടുംബശ്രീ ജെ.എല്‍.ജി ഗ്രൂപ്പിലെ അഞ്ച് പേരടങ്ങുന്ന സംഘത്തിനാണ് കൃഷിയിടത്തിന്റെ പരിപാലനം.

വൈകാതെ മൂന്ന് യൂണിറ്റുകള്‍ കൂടി ജില്ലയില്‍ ആരംഭിക്കും. ഇവിടങ്ങളില്‍ ഉത്പാദിപ്പിക്കുന്ന വിഭവങ്ങളും മൂല്യ വര്‍ധിത ഉത്പ്പനങ്ങളും വില്‍ക്കുന്നതിനും വനിതകള്‍ക്ക് കൂടതല്‍ വരുമാനം കണ്ടെത്തുന്നതിനുമായി കുടുംബശ്രീ ജില്ലാ മിഷനും ജില്ലാപഞ്ചായത്തും മുന്നിട്ടിറങ്ങും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പെരിയയില്‍ ആരംഭിക്കാനിരിക്കുന്ന വിപണനകേന്ദ്രം കര്‍ഷകര്‍ക്ക് മികച്ച അവസരമാകും.

സര്‍ക്കാറിന്റെ വിവിധ വകുപ്പുകളുമായി ചേര്‍ന്ന് മികച്ച പദ്ധതിയായി ഇതിനെ മാറ്റാനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് ആരംഭിക്കുന്ന പദ്ധതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് പരിശീലനം നല്‍കുന്നതും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും കുടുംബശ്രീ ജില്ലാ മിഷനാണ്.