ജില്ലയിലെ അതി ദരിദ്രരെ കണ്ടെത്തുന്ന പ്രക്രിയയില്‍നിന്നും ലൈഫ് മിഷന്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്ന സര്‍വെയില്‍നിന്നും കൃഷി അസിസ്റ്റന്റുമാര്‍ വിട്ടുനില്‍ക്കരുതെന്ന് ജില്ലാ ആസൂത്രണ സമിതി അധ്യക്ഷയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പറഞ്ഞു. പൊതുവായ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കില്ലെന്ന നിലപാട് അംഗീകരിക്കാനാവില്ല. ഇതുമായി ബന്ധപ്പെട്ട്  കൃഷി അസിസ്റ്റന്റുമാര്‍ക്ക് കത്തയക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാരെ ആസൂത്രണ സമിതി ചുമതലപ്പെടുത്തി.

ഫോക്കസ് ഗ്രൂപ്പുകളുടെ ചര്‍ച്ചകള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ആസൂത്രണ സമിതി മെമ്പര്‍ സെക്രട്ടറി കൂടിയായ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ പറഞ്ഞു. വിവിധ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ ചര്‍ച്ച ചെയ്ത യോഗം 25 തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ കെ പ്രകാശന്‍, ആസൂത്രണ സമിതി അംഗങ്ങളായ അഡ്വ. ടി സരള, കെ കെ രത്‌നകുമാരി, എന്‍ പി ശ്രീധരന്‍, ഇ വിജയന്‍ മാസ്റ്റര്‍, വി ഗീത തുടങ്ങിയവര്‍ പങ്കെടുത്തു.