നാഷണല്‍ എംപ്ലോയ്മന്റ് സര്‍വീസ് (കേരളം) വകുപ്പിന്റെ നേതൃത്വത്തില്‍ കൊല്ലം കൊട്ടാരക്കര താലൂക്കില്‍ ആരംഭിക്കുന്ന കരിയര്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ ഉദ്ഘാടനം 13ന് തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി, മുന്‍ നിയമസഭാംഗം അഡ്വ. പി. ആയിഷ പോറ്റി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ നയത്തിന്റെ ഭാഗമായി നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പ് മുഖേന ഗ്രാമീണ മേഖലയിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസ, തൊഴില്‍ മേഖലകളിലെ നൂതന പ്രവണതകളെക്കുറിച്ചു വിവരങ്ങള്‍ നല്‍കുന്നതിനും ശരിയായ കരിയര്‍ ആസൂത്രണം ചെയ്യുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനുമായാണു കരിയര്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍ സ്ഥാപിക്കുന്നത്.
പരിചയസമ്പന്നരായ എംപ്ലോയ്മന്റ് ഓഫിസറുടെ നേതൃത്വത്തില്‍ മനഃശാസ്ത്രത്തില്‍ വൈദഗ്ധ്യമുള്ള കരിയര്‍ കൗണ്‍സലറും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ മികവു പുലര്‍ത്തുന്ന ഐടി ഓഫിസറും അടങ്ങുന്നതാണ് പുതിയ കരിയര്‍ ഡെവലപ്‌മെന്റ് സെന്റര്‍. പ്രായഭേദമില്ലാതെ ആര്‍ക്കും ഇവിടെ രജിസ്‌ട്രേഷന്‍ നടത്താം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കരിയര്‍ സംബന്ധമായ ഏതു സംശയവും നിവാരണം ചെയ്യുന്നതിന് സംവിധാനമുണ്ടാകും. കൗണ്‍സലറുടെ സേവനവും ലഭിക്കും.