മലക്കപ്പാറ ഫെസിലിറ്റേഷൻ സെന്റർ;നിർമ്മാണ പുരോഗതി വിലയിരുത്താൻ അവലോകന യോഗം
മലക്കപ്പാറ ഫെസിലിറ്റേഷൻ സെന്ററിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തലിനായി സനീഷ് കുമാർ ജോസഫ് എം എൽ എ യുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. തദ്ദേശവാസികൾക്ക് ഉപജീവനമാർഗവും വിനോദസഞ്ചാരികൾക്ക് സൗകര്യങ്ങളും ലഭ്യമാക്കുന്ന വിനോദസഞ്ചാരമേഖലയായി അതിരപ്പിള്ളിയെ രൂപപ്പെടുത്തുന്ന മാസ്റ്റർപ്ലാനിന് വനം,വിനോദസഞ്ചാരം,റവന്യൂ വകുപ്പുകൾ സംയുക്തമായി രൂപം നൽകണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.
ആദിവാസികളുടെ ഉടമസ്ഥതയിൽ അതിരപ്പിള്ളിയിൽ പെട്രോൾബങ്ക് ആരംഭിക്കുന്നതിന് വനംവകുപ്പിന്റെ സഹകരണം ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജില്ലാ കലക്ടർ ഹരിത വി കുമാർ യോഗത്തിൽ പങ്കെടുത്തു. നിലവിൽ കണ്ണംകുഴിയിൽ നിർമ്മാണം പുരോഗമിക്കുന്ന കെ ടി ഡി സിയുടെ നിയന്ത്രണത്തിലുള്ള ഡോർമിറ്ററി നിർമ്മാണ പ്രവർത്തനങ്ങൾ ആറുമാസത്തിനുള്ളിൽ പൂർത്തീകരിക്കണമെന്ന് യോഗത്തിൽ കലക്ടർ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു.
വനംവകുപ്പിന്റെ നിലവിലുള്ള ഓഫീസുകളോട് ചേർന്ന് വിനോദസഞ്ചാരികൾക്കായി ശൗചാലയങ്ങൾ നിർമ്മിക്കുക, കേബിൾ കാർ സംവിധാനം ഏർപ്പെടുത്തുക,പെരിങ്ങൽക്കുത്ത് ഡാമിൽ നിർത്തി വച്ച ബോട്ടിംഗ് സൗകര്യം പുനരാരംഭിക്കുക,വ്യൂ പോയിന്റുകളിൽ ആദിവാസികളുടെഉടമസ്ഥതയിൽ വനവിഭവങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ അനുവദിക്കുക എന്നിവയായിരുന്നു റിസോർട്ട് പ്രതിനിധികൾ മുന്നോട്ട് വച്ച ആശയങ്ങൾ.
നഗരസഭ ചെയർമാൻ വി ഒ പൈലപ്പൻ,വൈസ് ചെയർപേഴ്സൺ സിന്ധു ലോജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ, വാഴച്ചാൽ ഡി എഫ് ഒ ലക്ഷ്മി ആർ,ടൂറിസം ഡെപ്യൂട്ടി സെക്രട്ടറി കെ പി രാധാകൃഷ്ണപിള്ള, സെക്രട്ടറി സജിഫ് ഹംസ, തഹസിൽദാർ,രാജു ഇ എൻ,അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി പ്രദീപ് പി ജി , റിസോർട്ട് ഉടമ പ്രതിനിധികളായ മുരളി അമ്പാടി,ജീമോൻ പുളിക്കൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.