റേഷൻകടയ്ക്ക് ലൈസൻസ്, നിഷയ്ക്ക് ആശ്വാസം

റേഷൻകടയുടെ റദ്ദാക്കിയ ലൈസൻസ് തിരിച്ച് കിട്ടിയതിന്റെ ആശ്വാസത്തിലാണ് നിഷ. ഭക്ഷ്യ പൊതുവിതരണ വകുപ്പ് താൽക്കാലികമായി റദ്ദ് ചെയ്തതുമായി ബന്ധപ്പെട്ട് നടന്ന അദാലത്തിലാണ് നിഷയ്ക്ക് ലൈസൻസ് ലഭിച്ചത്.ജില്ലാ പ്ലാനിങ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ ലൈസൻസ് വിതരണം ചെയ്തു.നിഷയുടെ അച്ഛൻ കെ എൻ കൃഷ്ണൻ മരിച്ചതിനെ തുടർന്നാണ് റേഷൻകടയുടെ ലൈസൻസ് റദ്ദായത്. ഒരു വർഷം മുൻപാണ് കൃഷ്ണൻ മരിച്ചത്.

തുടർന്ന് ലൈസൻസിന് വേണ്ടി നിഷ അപേക്ഷിച്ചിരുന്നെങ്കിലും നിയമപരമായ അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലുണ്ടായ കാലത്താമസം മൂലം ലൈസൻസ് നീണ്ടു. അതാണ് അദാലത്തിൽ തീർപ്പായത്. ലൈസൻസ് ലഭിച്ചത് വലിയൊരു ആശ്വാസമായിരിക്കുകയാണ് നിഷയ്ക്കും കുടുംബത്തിനും. ഭർത്താവ് സുമേഷിന് അലുമിനിയം ഫാബ്രിക്കേഷൻ ജോലിയാണ്. അച്ഛന്റെ ഓർമ്മകളിൽ റേഷൻകട നടത്തണമെന്നാണ് നിഷയുടെ ആഗ്രഹം.