രാഷ്ട്രീയ സാമൂഹ്യ ചലനം സൃഷ്ടിക്കാന്‍ ഏറ്റവും സാധ്യതയുള്ള മാധ്യമങ്ങളാണ് ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയുടെ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജനാധിപത്യം വെറുമൊരു വാക്കല്ല. ആശയങ്ങളുടെ ഒരു അനുഭവമാണത്. സംവാദത്തിന്റെ സംസ്‌കാരമാണ് ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. സംവാദ സംസ്‌കാരം സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളുണ്ടാവണം. മേളയുടെ വിജയത്തില്‍ ധാരാളം യുവാക്കള്‍ പങ്കാളികളായത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. മേളകളും ചടങ്ങുകളും ആരോടെങ്കിലും പക തീര്‍ക്കാനുള്ള വേദിയാക്കരുതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സാംസ്‌കാരിക മന്ത്രി എ. കെ. ബാലന്‍ പറഞ്ഞു. എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോവുകയാണ് സാംസ്‌കാരിക വകുപ്പിന്റെ ലക്ഷ്യം. ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ സ്വീകരിക്കും. ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങും അതിനു ശേഷം സംഘടിപ്പിക്കുന്ന സാംസ്‌കാരിക വിനിമയ പരിപാടിയും വിവാദങ്ങള്‍ ഒഴിവാക്കി വിജയിപ്പിക്കണം. കേരളത്തില്‍ നടക്കുന്ന മേളയെന്ന നിലയില്‍ അടുത്ത വര്‍ഷം മുതല്‍ മലയാള ഡോക്യുമെന്ററികള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. ചലച്ചിത്രനടന്‍ സത്യന്റെ പേരില്‍ ഫിലിം ആര്‍കൈവ്‌സ് ആന്റ് റിസര്‍ച്ച് സെന്റര്‍ യാഥാര്‍ത്ഥ്യമാവുകയാണ്. സാംസ്‌കാരിക മേഖലയില്‍ പ്രതിരോധം തീര്‍ക്കേണ്ടതിന്റെ പ്രാധാന്യം വര്‍ദ്ധിച്ചിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ സ്പീക്കര്‍ വിതരണം ചെയ്തു.
മേയര്‍ വി. കെ. പ്രശാന്ത്, കൗണ്‍സലര്‍ എം. വി. ജയലക്ഷ്മി, ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീന പോള്‍, സെക്രട്ടറി മഹേഷ് പഞ്ചു, ജൂറിഅംഗങ്ങള്‍, ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു