കാലവർഷക്കെടുതിയിൽ ജില്ലയ്ക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കളക്‌ട്രേറ്റിൽ കാലവർഷക്കെടുതി അവലോകനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. മഴക്കെടുതി നിമിത്തം വീടുകൾ നഷ്ടപ്പെട്ടവർക്ക് എത്രയും പെട്ടന്ന് നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൃഷി നാശത്തിന്റെ കണക്കുകൾ പരിശോധിച്ച് സത്വര നടപടികൾ കൈക്കൊള്ളും. ജില്ലയിലെ പ്രധാന പാതകൾ നന്നാക്കാനുള്ള നടപടികളും സ്വീകരിക്കും. ചുരം റോഡുകൾ ഗതാഗതയോഗ്യമാക്കാനും നടപടിയെടുക്കും. ജില്ലയിലെ വിളനാശത്തെക്കുറിച്ചും നാശനഷ്ടങ്ങളെക്കുറിച്ചും ബുധനാഴ്ച നടക്കുന്ന മന്ത്രി സഭായോഗത്തിൽ അറിയിക്കുമെന്നും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പരാതിക്കിട നൽകാതെ ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കിയ ജില്ലാ ഭരണകൂടത്തെ മന്ത്രി അഭിനന്ദിച്ചു.
കാലവർഷംമൂലം വീടുകൾക്കുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ ഓരോ താലൂക്കിലും ഡെപ്യൂട്ടി കളക്ടർമാരെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടർ എ ആർ അജയകുമാർ അറിയിച്ചു. ഇതുവരെ ജില്ലയിൽ കാലവർഷത്തിൽ ഇരുപതോളം വീടുകൾ പൂർണ്ണമായും നശിച്ചു. നാനൂറോളം വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ സഹായത്തോടെയാണ് നഷ്ടക്കണക്കുകൾ അന്തിമമമായി വിലയിരുത്തുക. ജൂലായ് 31 നകം നഷ്ടപരിഹാരം ലഭ്യമാക്കുകയാണ് ലക്ഷ്യം. സബ്കളക്ടർ എൻ.എസ്.കെ ഉമേഷ്, എ.ഡി.എം.കെ.എം.രാജു തുടങ്ങിയവർ പങ്കെടുത്തു.
