വയോജന പരിചരണത്തിന് മാനവവിഭവശേഷി പരമാവധി പ്രയോജനപ്പെടുത്തുന്നതടക്കമുള്ള നടപടികള്‍ക്കായി സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യുമെന്ന് ജില്ലയിലെത്തിയ നിയമസഭാസമിതി അറിയിച്ചു. നിയമസഭയുടെ അനൗദ്യോഗിക ബില്ലുകളും പ്രമേയങ്ങളും സംബന്ധിച്ച സമിതിയംഗങ്ങളും എം.എല്‍.എ മാരുമായ എ. എം. ആരിഫും, എല്‍ദോ എബ്രഹാമുമാണ് ജില്ലയിലെ വൃദ്ധസദനങ്ങള്‍ സന്ദര്‍ശിച്ചത്.
മുന്‍ എം.എല്‍.എ. ടി.എന്‍. പ്രതാപന്‍  2012ല്‍ നല്‍കിയ നോട്ടീസിന്റെ തുടര്‍  നടപടികളുടെ ഭാഗമായാണ് എം.എല്‍.എ. മാരുടെ സന്ദര്‍ശനം. വയോജന കമ്മീഷന്‍ രൂപീകരണം സംബന്ധിച്ച് പഞ്ചായത്ത്, സാമൂഹ്യനീതി വകുപ്പുകള്‍ നല്‍കിയ ഉറപ്പുകളുടെ അടിസ്ഥാനത്തിലുള്ള വിവരശേഖരണമാണ് ഇവര്‍ നടത്തിയത്. ഇതിനായി പത്തനാപുരം ഗാന്ധിഭവന്‍ സന്ദര്‍ശിച്ച സംഘം ഇഞ്ചവിള സര്‍ക്കാര്‍ വൃദ്ധസദനത്തിലും തെളിവെടുപ്പ് നടത്തി.
സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ പൊതുവെ സംതൃപ്തി അറിയിച്ചതിനൊപ്പം വയോജനപരിചരണത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് വിലയിരുത്തി. സര്‍ക്കാര്‍ സ്ഥാപനത്തിലെ അന്തേവാസികളുടെ പരിചരണത്തിനും ശുശ്രൂഷയ്ക്കുമായി കൂടുതല്‍ ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തിലോ സ്ഥിരമായോ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് സര്‍ക്കാരില്‍ ശുപാര്‍ശ സമര്‍പ്പിക്കാനാണ് തീരുമാനം. ഇവിടെ വാഹന  സൗകര്യം നല്‍കുന്നതും പരിഗണിക്കും.
ജില്ലയില്‍ സര്‍ക്കാരിന്റെ ഒരു വൃദ്ധസദനവും സ്വകാര്യ മേഖലയില്‍ 19 എണ്ണവുമാണുള്ളത്. ഇവയില്‍ ഏഴെണ്ണത്തിനും അഗതിമന്ദിരത്തിനും സര്‍ക്കാര്‍ ഗ്രാന്റുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ ഏഴു പകല്‍ വീടുകളുണ്ട്. ഇവയുടെ എണ്ണം വര്‍ധിപ്പിക്കുന്നതും പരിഗണിക്കും.
പുതുതായി വൃദ്ധസദനങ്ങളിലേക്ക് എത്തിക്കുന്നവരുടെ വൈദ്യപരിശോധന ഉറപ്പാക്കി രോഗങ്ങളുടെ വ്യാപനം തടയണം. കിടത്തി ചികിത്സ ആവശ്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യം മെച്ചപ്പെടുത്തുകയും പരിചരണത്തിനായി പ്രത്യേകം ആളിനെ നിയോഗിക്കുകയും വേണം.
നിലവിലുള്ള സംരക്ഷണ കേന്ദ്രങ്ങളുടെ നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ശുപാര്‍ശയാണ് സര്‍ക്കാരിന് സമര്‍പ്പിക്കുകയെന്ന് സമിതിയംഗങ്ങള്‍ വ്യക്തമാക്കി. സ്ഥാപനങ്ങളുടെ നിലവിലെ അവസ്ഥയും ഭാവിയില്‍ ആവശ്യമുള്ള വിവരങ്ങളും ശേഖരിക്കുന്നതിനായി തയ്യാറാക്കിയ ചോദ്യാവലി ബന്ധപ്പെട്ട വകുപ്പ് പ്രതിനിധികള്‍ക്ക് കൈമാറി.
ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ്, അസിസ്റ്റന്റ് കലക്ടര്‍ എസ്. ഇലക്കിയ, എ.ഡി.എം. ബി. ശശികുമാര്‍, പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ എ. പ്രതീപ് കുമാര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എസ്. സബീനാ ബീഗം തുടങ്ങിയവര്‍ പങ്കെടുത്തു.