കനത്ത മഴയെ തുടർന്ന് ദുരിതമനുഭിവിക്കുന്ന ആലപ്പുഴയിലെ ജനങ്ങൾക്ക് സഹായമായി ഹില്ലി അക്വാ 10000 ലിറ്റർ കുപ്പിവെള്ളം ഒന്നാം ഘട്ടമായി ആലപ്പുഴയിലേക്ക് അയച്ചു.പി ജെ ജോസഫ് എം എൽ എ കുപ്പി വെള്ളം നിറച്ച വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് കർമം നിർവഹിച്ചു. ചടങ്ങിൽ ഹില്ലി അക്വാ വിതരണ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പ്രൊഫസർ എം ജെ ജേക്കബ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോൺ, കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബിനു, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം മോനിച്ചൻ, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജേക്കബ് മാത്യു, പഞ്ചായത്ത് മെമ്പർമാരായ ജോജി എടാമ്പുറം, കെ ടി അഗസ്റ്റിൻ, ഫാക്ടറി മാനേജർ ജുബിൾ മാത്യു തുടങ്ങിയവർ പങ്കെടുത്തു.
ഇടുക്കിയിലെ ജലസമൃദ്ധിയെ കാര്യക്ഷമവും ജനോപകാരപ്രദവും ആക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഹില്ലി അക്വാ സംസ്ഥാന ജലസേചന വകുപ്പിന് കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ടർ ഡെവലപ്‌മെന്റ് കോർപറേഷന്റെ ഭാഗമായി 2015ലാണ് രൂപീകൃതമായത്. തൊടുപുഴ മുട്ടത്തിനടുത്ത് മ്രാലയിൽ സ്ഥിതി ചെയ്യുന്ന ഹില്ലി അക്വാ പൂർണമായും മലങ്കര ജലാശയത്തിലെ വെള്ളമാണ് കുപ്പിവെള്ള നിർമാണത്തിനായി ഉപയോഗിക്കുന്നത്. സാൻഡ് ഫിൽറ്ററേഷൻ, കാർബൺ ഫിൽറ്ററേഷൻ, യൂ വി ട്രീറ്റ്‌മെന്റ് തുടങ്ങിയ 9 ഘട്ട ശുചീകരണ പ്രക്രിയയിലൂടെ കിട്ടുന്ന വെള്ളം ലബോറട്ടറികളിൽ നിരീക്ഷിച്ച് അണുവിമുക്തമാണോ എന്ന് ഉറപ്പാക്കിയതിനു ശേഷമാണ് വിൽപ്പനക്കെത്തുന്നത്. അനുദിനം വർധിച്ചു വരുന്ന കുപ്പിവെള്ള നിരക്കിനെ പിടിച്ചുനിർത്തുക, ശുദ്ധമായ കുടിവെള്ളം കുറഞ്ഞ നിരക്കിൽ ഏവർക്കും ലഭ്യമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഹില്ലി അക്വായ്ക്ക് സർക്കാർ തുടക്കമിട്ടത്. വിലയേറിയതും അത്യാധുനികവും ആയ വിദേശ നിർമിതമായ യന്ത്രങ്ങളുടെ സഹായത്തോടെയാണ് ഇവിടുന്നു കുപ്പി വെള്ളം വിപണിയിൽ എത്തുന്നത്. ഉത്പാദനത്തിന്റെ ഒരു ഘട്ടത്തിൽ പോലും കരസ്പർശം ഏൽക്കുന്നില്ല എന്നത് ഹില്ലി അക്വയുടെ മറ്റൊരു പ്രത്യേകതയാണ്.
മികവിനുള്ള അംഗീകാരമായി ഹില്ലി അക്വാക്ക് തുടർച്ചയായി രണ്ടൺു തവണ ഐ എസ് ഒ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. ഫുഡ് സേഫ്റ്റി മാനേജ്‌മെന്റ് സിസ്റ്റം പാലിക്കുന്ന മികച്ച കമ്പനികൾക്ക് മാത്രം ലഭിക്കുന്ന ഈ സെർറ്റിഫിക്കേഷൻ ഹില്ലി അക്വായുടെ ഗുണനിലവാരത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. സർക്കാർ സംരംഭം ആയതുകൊൺണ്ടുതന്നെ സാമൂഹിക പ്രതിബദ്ധത എടുത്തു കാണിക്കുന്ന രീതിയിലാണ് ഇതുവരെയും ഉള്ള ഹില്ലി അക്വയുടെ പ്രവർത്തങ്ങളും.