സംസ്ഥാനത്ത് 20 ലക്ഷം തൊഴിൽ അവസരം ഒരുക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വ്യവസായ വകുപ്പുമന്ത്രി പി.രാജീവ് . കെ.ഡിസ്കിന്റെ സഹായത്തോടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലായിരിക്കും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക. ആദ്യ ഘട്ടമെന്ന നിലയിൽ പതിനായിരം പേർക്ക് തൊഴിൽ നൽകുന്ന പദ്ധതി ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാർ , നാഷണൽ എംപ്ലോയ്മെൻറ് സർവീസ്, ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് സംയുക്തമായി സംഘടിപ്പിച്ച മെഗാ ജോബ് ഫെയർ നിയുക്തി – 2021 കളമശ്ശേരി സെന്റ് പോൾസ് കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാർച്ച് മാസത്തോടെ കെ-ഫോൺ പദ്ധതി യിലൂടെ കൂടുതൽ ശക്തമായ ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമാക്കാൻ കഴിയും. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കും കോമൺ ഫെസിലിറ്റി സെന്റർ ഉപയോഗിക്കുന്നവർക്കും ഇത് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കും. തൊഴിലവസരങ്ങളോടൊപ്പം ഒരു ലക്ഷം എം എസ് എം ഇ കളും ആരംഭിക്കാൻ സർക്കാർ ലക്ഷ്യമിടുന്നു

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കളമശ്ശേരി നഗരസഭ ചെയർ പേഴ്സൺ സീമാ കണ്ണൻ, മേഖലാ എംപ്ലോയ്മെന്റ് ഡപ്യൂട്ടി ഡയറക്ടർ കെ.അബ്ദുറഹിമാൻ കുട്ടി, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ബെന്നി മാത്യു തുടങ്ങിയവർ പങ്കെടുത്തു.