ഫോർട്ടുകൊച്ചി റവന്യൂ സബ് ഡിവിഷനിലെ ഭൂമി സംബന്ധമായ ഫയലുകളുടെ കുരുക്കഴിച്ച് ഫയൽ അദാലത്ത്. അവധിദിനമായ രണ്ടാം ശനിയാഴ്ച്ച ഫോർട്ടു കൊച്ചി ആർ.ഡി ഓഫീസിൽ നടത്തിയ അദാലത്തിൽ പരിഗണിച്ചത് 184 അപേക്ഷകൾ. ഇതിൽ പകുതിയോളം ഫയലുകളിൽ തീർപ്പാക്കാനായി. അദാലത്തുകൾ ഇനിയും സംഘടിപ്പിക്കുമെന്ന് കളക്ടർ ജാഫർ മാലിക് പറഞ്ഞു. ഫോർട്ടു കൊച്ചി സബ് കളക്ടർ പി. വിഷ്ണു രാജ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാൻ എന്നിവർ അദാലത്തിന് നേതൃത്വം നൽകി.
വിവിധ താലൂക്കുകളിൽ നിന്നായി 184 അപേക്ഷകളാണ് പരിഗണിച്ചത്. ഏറ്റവും കൂടുതൽ പറവൂർ താലൂക്കിൽ നിന്നായിരുന്നു – 84. കണയന്നൂരിൽ നിന്നും 77 അപേക്ഷകൾ. കൊച്ചി താലൂക്കിൽ പതിനഞ്ചും ആലുവ താലൂക്കിൽ എട്ടും അപേക്ഷകൾ പരിശോധിച്ചു. ഇതിൽ ചട്ടലംഘനമില്ലാത്ത എല്ലാ ഫയലുകളും സർക്കാർ മാർഗനിർദേശ പ്രകാരം തീർപ്പാക്കി. മറ്റുള്ളവയിൽ അപാകത പരിഹരിച്ച് രേഖകൾ ഹാജരാക്കാൻ സമയം അനുവദിച്ചു.
കേരള ഭൂവിനിയോഗ ഉത്തരവ് 1967ല്‍ നിലവില്‍ വന്നതിന് മുമ്പ് പരിവര്‍ത്തനം ചെയ്യപ്പെട്ടതും ഡാറ്റബാങ്കിൽ ഉള്‍പ്പെടാത്തതുമായ ഭൂമി അടിസ്ഥാന നികുതി രജിസ്റ്ററില്‍ – ബിടിആറിൽ, നിലവിലുള്ള സ്ഥിതിയിൽ രേഖപ്പെടുത്തുന്നതിനായി ഫോറം 9ല്‍ സമര്‍പ്പിക്കപ്പെട്ട അപേക്ഷകളാണ് അദാലത്തിൽ പരിഗണിച്ചത്. 2019, 2020 കാലയളവിൽ ഫോർട്ടുകൊച്ചി റവന്യൂ ഡിവിഷണൽ ഓഫീസിൽ സമർപ്പിക്കപ്പെട്ട അപേക്ഷകൾക്കു പുറമെ പുതിയ അപേക്ഷകളും പരിഗണിച്ചു. ഭൂമിയുടെ ആധാരം, മുന്നാധാരങ്ങള്‍, കെട്ടിടങ്ങളുടെ കാലപ്പഴക്കം, വൃക്ഷങ്ങളുടെ പ്രായം, സാക്ഷിമൊഴികൾ തുടങ്ങി സർക്കാർ ഉത്തരവിൽ നിർദേശിച്ച തെളിവുകളെ അടിസ്ഥാനമാക്കി സൂക്ഷ്മ പരിശോധന നടത്തിയാണ് തീരുമാനം കൈക്കൊണ്ടത്. ഇത്തരം കേസുകളിൽ ബിടിആർ ക്രമപ്പെടുത്തലിന് ഫീസൊന്നും ഈടാക്കുന്നില്ല.
അദാലത്തിനെത്തിയവർക്ക് ടോക്കണ്‍ നൽകുകയും അത് ഇ ഓഫീസിൽ രേഖപ്പെടുത്തുകയുമായിരുന്നു അദാലത്തിലെ ആദ്യപടി. തുടർന്ന് താലൂക്ക് അടിസ്ഥാനത്തിൽ സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകളിൽ രേഖകള്‍ പരിശേോധിച്ച ശേഷം ഇ – ഓഫീസ് ഫയലിൽ രേഖപ്പെടുത്തി അടുത്ത തലത്തിലേക്ക് അയക്കുകയും തുടർന്ന് സബ് കളക്ടർ അന്തിമ തീരുമാനമെടുത്ത് ഉത്തരമാക്കുകയും ചെയ്യുന്ന രീതിയിലാണ് അദാലത്ത് സജ്ജീകരിച്ചത്. രേഖകളെല്ലാം ക്രമപ്രകാരമായിരുന്ന ഫയലുകളിൽ ഉത്തരവുകൾ അദാലത്ത് വേദിയിൽ തന്നെ കൈമാറി. ആർ.ഡി ഓഫീസ് വളപ്പിലായിരുന്നു താലൂക്ക് കൗണ്ടറുകള്‍. അദാലത്തിനെത്തുന്നവർക്കായി ഇരിപ്പിടങ്ങൾ, കുടിവെള്ളം, വൈദ്യസഹായം തുടങ്ങിയവയും ഏർപ്പെടുത്തിയിരുന്നു.
നെൽവയൽ – തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽ വന്ന 2008ന് മുമ്പ് പരിവർത്തനം ചെയ്യപ്പെട്ട 20.23 ആർ വരെയുള്ള ഭൂമിയുടെ ബിടിആർ രേഖകൾ ക്രമപ്പെടുത്തുന്നതിന് ഫോറം 6ലും, ഇതിന് മുകളിൽ വിസ്തീർണമുള്ള ഭൂമിക്കായി ഫോറം 7ലുമാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ഇത്തരം അപേക്ഷകളിൽ വില്ലേജ് ഓഫീസുകൾ വഴിയുള്ള അന്വേഷണം പൂർത്തിയാക്കി തീർപ്പാക്കി വരികയാണ്. അപേക്ഷകളുടെ ആധിക്യം പരിഗണിച്ച് ഇത്തരം അപേക്ഷകൾ തീര്‍പ്പാക്കുന്നതിനും പ്രത്യേക അദാലത്തുകൾ സംഘടിപ്പിക്കുന്നുണ്ട്.