കളമശ്ശേരി സർക്കാർ മെഡിക്കൽ കോളേജിലേക്കുള്ള യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി എച്ച്.എം.ടി ജംഗ്ഷനിൽ നിന്നും കെ.എസ്.ആർ.ടി.സി യുടെ ഷട്ടിൽ സർവീസുകൾ ആരംഭിക്കും. രാവിലെ ഏഴു മുതൽ വൈകീട്ട് മൂന്നു വരെ സർവീസ് നടത്തും. 2022 ജനുവരി 8 ന് രാവിലെ 9 ന് ഉദ്ഘാടനം ചെയ്യും. പത്തു രൂപയായിരിക്കും ചാർജ് .
സ്പോൺസർമാരെ ലഭിച്ചാൽ സൗജന്യ സർവീസ് ലക്ഷ്യമിടുന്നുണ്ടെന്നും ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു അറിയിച്ചു.
കളമശ്ശേരി നിയോജക മണ്ഡലത്തിലെ കെ.എസ്.ആർ.ടി.സി സർവീസുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന ഗതാഗത വകുപ്പു ജീവനക്കാരുമായുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാട്ടുപുറം – പറവൂർ ബസ് സർവീസ് ജനുവരി ഒന്നു മുതൽ ആരംഭിക്കുമെന്നും ഗതാഗത വകുപ്പു മന്ത്രി വ്യക്തമാക്കി. കളമശ്ശേരി മേഖലയിൽ കോവിഡ് പശ്ചാത്തലത്തിൽ സർവീസ് നിർത്തിയിരുന്ന 40 ട്രിപ്പുകൾ പുനരാരംഭിക്കാനും യോഗത്തിൽ തീരുമാനമായി. ജനുവരി 20 ന് ബസുകൾ സർവീസ് തുടങ്ങും. കളമശ്ശേരി കേന്ദ്രീകരിച്ച് ടിക്കറ്റ് റിസർവേഷൻ സെന്ററും ആരംഭിക്കും. തിരുവനന്തപുരം മാതൃകയിൽ കളമശ്ശേരിയിൽ സിറ്റി സർക്കുലർ സർവീസുകളും ആലോചനയിലുണ്ട്. പത്തു മിനിറ്റ് ഇടവേളകൾക്കുള്ളിലുള്ള സർവീസുകളാണ് ലക്ഷ്യമിടുന്നത്. ഇതിന് വിശദമായ പഠനം ആവശ്യമാണ്. പഠനം നടത്തി ജനുവരിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥരെയും യോഗത്തിൽ ചുമതലപ്പെടുത്തി.
15 പുതിയ ബസുകൾ അടിയന്തരമായി ജില്ലയിൽ ആവശ്യമാണെന്ന് മന്ത്രി പി.രാജീവ് യോഗത്തിൽ അറിയിച്ചു. ഇതിൽ അഞ്ച് ബസുകൾ ഉടൻ കൈമാറുമെന്ന് ഗതാഗത വകുപ്പുമന്ത്രി മറുപടി നൽകി. 12 ഡ്രൈവർമാരെയും 12 കണ്ടക്ടർമാരെയും അനുവദിക്കും.
വ്യവസായ മേഖല കേന്ദ്രീകരിച്ച് കമ്പനികളിലെ ജീവനക്കാർക്കായി കെ.എസ്.ആർ.ടി.സി. യുടെ ബോണ്ട് സർവീസുകൾ ആരംഭിക്കണമെന്ന് മന്ത്രി പി.രാജീവ് യോഗത്തിൽ ആവശ്യപ്പെട്ടു. ആലുവ- കളമശ്ശേരി – തൃപ്പൂണിത്തുറ – കോട്ടയം സൂപ്പർ ഫാസ്റ്റ് ബസ് സർവീസ് പരിഗണിക്കണം. ആലുവ – മെഡിക്കൽ കോളജ് റൂട്ടിൽ നിർത്തി വച്ച സർവീസുകൾ പുനരാരംഭിക്കണമെന്നും കളമശ്ശേരി മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് പുതിയ സർവീസുകൾ ആരംഭിക്കണമെന്നും പി.രാജീവ് ആവശ്യപ്പെട്ടു. മെഡിക്കൽ കോളജ്, കാൻസർ സെന്റർ , വിദ്യാഭ്യാസ ഹബ്ബ് എന്നിവ പരിഗണിച്ചാണ് കളമശ്ശേരിയിൽ കൂടുതൽ ബസ് സർവീസുകൾ ആരംഭിക്കുവാൻ തീരുമാനമായത്.