കോലഞ്ചേരി: ലഹരിക്കെതിരെ ജന ജാഗ്രതയൊരുക്കി പി.വി.ശ്രീനിജിൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ നടന്ന ജനകീയ മുഖാമുഖവും ഭവന സന്ദർശനവും ശ്രദ്ധേയമായി. പട്ടികജാതി വികസന വകുപ്പും സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലെ വിമുക്തി ലഹരി വർജന മിഷനും സംയുക്തമായാണ് മഴുവന്നുർ പഞ്ചായത്തിലെ അന്ത്യാളൻ പറമ്പ് കോളനിയിൽ ലഹരിക്കെതിരെ ജനകീയ മുഖാമുഖവും ഭവന സന്ദർശനവും നടത്തിയത്. കോളനിയിലെ ആർദ്രത ബാലഭവനിൽ ബോധവൽക്കരണ ക്ലാസോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ച്. വിമുക്തി സൈക്യാട്രിക് സോഷ്യൽ വർക്കർ ബിബിൻ ജോർജ് ക്ലാസ് നയിച്ചു. തുടർന്ന് വാർഡ് മെമ്പർ കെ.കെ.ജയേഷിൻ്റെ അധ്യക്ഷതയിൽ നടന്ന ജനകീയ മുഖാമുഖം പി.വി.ശ്രീനിജിൻ എം.എൽ.എ.ഉദ്ഘാടനം ചെയ്തു.

അസി.എക്സൈസ് കമ്മീഷണർ ബാബു വർഗീസ് മുഖ്യാതിഥിയായി. സിവിൽ എക്സൈസ് ഓഫീസർ ടി.എസ്.ഗോപാലകൃഷ്ണൻ,വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ കെ.എ. ഫൈസൽ, പട്ടികജാതി വികസന വകുപ്പ് സീനിയർ ക്ലർക്ക് ശ്രീനാഥ് ശ്രീധരൻ, ആർദ്രത ബാലഭവൻ ഡയറക്ടർ ബിജു.എം.ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.. തുടർന്നാണ് മഴുവന്നൂർ പഞ്ചായത്ത് മൂന്നാം വാർഡിലെ അന്ത്യാളൻ പറമ്പ് കോളനിയിൽ പി.വി.ശ്രീനിജിൻ എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും അസി. എക്സൈസ് കമ്മീഷണർ ബാബു വർഗീസിൻ്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും സംയുക്തമായി ലഹരി വിരുദ്ധ സന്ദേശമുയർത്തി ഭവന സന്ദർശനം നടത്തിയത്.

ലഹരി വിരുദ്ധ സന്ദേശമടങ്ങിയ ലഘുലേഖയും ലഹരി മാഫിയയുടെ പ്രവർത്തനങ്ങളെ കുറിച്ച് അറിയിക്കുന്നതിനുള്ള ഫോൺ നമ്പറുകളും വീടുകളിൽ വിതരണം ചെയ്തു. സ്ത്രീകളടക്കമുള്ളവരുടെ പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി.മഴുവന്നൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ലഹരി മാഫിയയുടെ പ്രവർത്തനം സജീവമാണെന്ന പരാതിയെ തുടർന്നാണ് ജനകീയ മുഖാമുഖവും ഭവന സന്ദർശനവും നടന്നത്.പരിപാടികൾക്ക് എസ്.സി കോർഡിനേറ്റർ ഇ.എസ്.ആര്യ നേതൃത്വം നൽകി. ഫോട്ടോ അടിക്കുറിപ്പ്: ലഹരി വിരുദ്ധ പ്രചാരണത്തിൻ്റെ ഭാഗമായി പി.വി.ശ്രീനിജിൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ മണ്ണൂർ പട്ടികജാതി കോളനിയിലെ വീടുകളിൽ ലഘുലേഖകൾ വിതരണം ചെയ്യുന്നു.