കോട്ടയം:ഗ്രാമീണ ജീവിതരീതികൾക്കും പ്രാദേശിക ടൂറിസത്തിനും പ്രാധാന്യം നൽകി ടൂറിസത്തിന്റെ വൈവിധ്യങ്ങൾ സഞ്ചാരികൾക്ക് അനുഭവിച്ചറിയുന്നതിനു മറവന്തുരുത്തിൽ നടപ്പാക്കുന്ന സ്ട്രീറ്റ്’ പദ്ധതിയുമായി ബന്ധപ്പെട്ട് യോഗം ചേർന്നു. ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോ – ഓർഡിനേറ്റർ രൂപേഷ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു. കുലശേഖരമംഗലം എസ് എൻ ഡി പി ഹാളിൽ നടന്ന യോഗത്തിൽ മറവന്തുരുത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. രമ അദ്ധ്യക്ഷ വഹിച്ചു.

വൈസ് പ്രസിഡന്റ് വി.ടി. പ്രതാപൻ, മുൻ പ്രസിഡന്റ് പി.വി.ഹരിക്കുട്ടൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ സലില , സ്ഥിരം സമിതി അധ്യക്ഷ ബിന്ദു പ്രദീപ്, ടൂറിസം വികസന സമിതി കൺവീനർ ടി.കെ.സുവർണ്ണൻ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

സഞ്ചാരികളെ ആകർഷിക്കുന്നതിന് മറവൻ തുരുത്തിലുള്ള സാധ്യതകൾ കണക്കിലെടുത്ത് കണ്ടറിയാനാവുന്നതും അനുഭവവേദ്യമാകുന്നതുമായ തെരുവുകള്‍ സജ്ജീകരിക്കുന്നതാണ് പദ്ധതി.

ഗ്രീന്‍ സ്ട്രീറ്റ്, കള്‍ച്ചറല്‍ സ്ട്രീറ്റ്, എത്‌നിക് ക്യുസീന്‍ ,ഫുഡ് സ്ട്രീറ്റ് , വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് , എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസം സ്ട്രീറ്റ്, അഗ്രി ടൂറിസം സ്ട്രീറ്റ്, വാട്ടര്‍ സ്ട്രീറ്റ്,ആര്‍ട്ട് സ്ട്രീറ്റ് എന്നിങ്ങനെയുള്ള തെരുവുകള്‍ ഇവിടെ സജ്ജമാക്കും’
വനിതകൾ, പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍, കർഷകർ തുടങ്ങിയ വിഭാഗങ്ങളെ ഉൾക്കൊള്ളിച്ച് വിനോദ സഞ്ചാരമേഖലയുമായി ബന്ധപ്പെടുത്താനുതകുന്ന
150 തദ്ദേശീയ സംരംഭ യൂണിറ്റുകൾ രൂപീകരിച്ച് ഈ തെരുവുകളിൽ പ്രവർത്തന സജ്ജമാക്കും. ഇതുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ മറവന്തുരുത്തിലുള്ള 500 പേർക്ക് പരിശീലനം നൽകും. ഉത്തര വാദിത്വ ടൂറിസം മിഷനും മറവൻ തുരുത്ത് ഗ്രാമപഞ്ചായത്തും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.