എക്സൈസ് ഡ്യൂട്ടി ഒടുക്കുന്നതുമായി ബന്ധപ്പെട്ട് മദ്യ കമ്പനികളും ബിവറേജ് കോർപ്പറേഷനും തമ്മിലുള്ള തർക്കം പരിഹരിച്ചെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. മദ്യ കമ്പനികൾ സർക്കാരിന് നൽകേണ്ട എക്സൈസ് ഡ്യൂട്ടി ഈ സാമ്പത്തിക വർഷാവസാനം വരെ നിലവിലുള്ള രീതിയിൽ ബിവറേജ് കോർപ്പറേഷൻ മുൻകൂട്ടി അടയ്ക്കാനാണ് ധാരണയായത്.
സംസ്ഥാനത്ത് വർഷങ്ങളായി എക്സൈസ് ഡ്യൂട്ടി ബിവറേജ് കോർപ്പറേഷൻ അടക്കുന്ന രീതിയാണുള്ളത്. ഇത് അബ്കാരി ചട്ടത്തിന് വിരുദ്ധമായതിനാൽ അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റിൽ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഈ രീതി നിർത്തലാക്കി കമ്പനികളോട് നേരിട്ട് എക്സൈസ് ഡ്യൂട്ടി അടക്കാൻ നിർദേശിച്ചത്.

എന്നാൽ, ഇതിന്റെ പേരിൽ രണ്ടാഴ്ചയോളമായി മദ്യ കമ്പനികൾ മദ്യവിതരണം നിർത്തിവെച്ചിരിക്കുകയായിരുന്നു. ഡിസ്റ്റലറി ഉടമകളുടെ സംഘടന നൽകിയ നിവേദനം പരിഗണിച്ചാണ് തിങ്കളാഴ്ച ചർച്ച നടത്തിയത്. നികുതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ബിവറേജ് കോർപ്പറേഷൻ സി എം ഡി, അഡീഷണൽ എക്സൈസ് കമ്മീഷണർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് പ്രശ്ന പരിഹാരമായതെന്ന് മന്ത്രി വ്യക്തമാക്കി.