കേരള കരകൗശല വികസന കോർപ്പറേഷന്റെ ഉത്പന്നങ്ങൾക്ക് കൂടുതൽ വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ‘ക്യാൻവാസ് 21’ ചിത്ര പ്രദർശനവും വിൽപ്പനയും  ഗതാഗതമന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു.
കരകൗശല ഉൽപ്പന്നങ്ങൾക്ക് വലിയ വിപണി സാധ്യത ഉണ്ടെന്നും മൗലികതയുള്ള ചിത്രങ്ങൾ സൃഷ്ടിക്കുന്നതിനായി കലാകാരൻമാർ പരിശ്രമിക്കണമെന്നും എസ്.എം.എസ്.എം ഇൻസ്റ്റിറ്റ്യൂട്ടിലെ സെന്റിനറി ഹാളിൽ നടക്കുന്ന ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.

ഐ.എം.ജി. ഡയറക്ടർ കെ. ജയകുമാർ ആദ്യ വിൽപ്പന നിർവഹിച്ചു. കേരള കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ പി. രാമഭദ്രൻ, മാനേജിംഗ് ഡയറക്ടർ എൻ.കെ മനോജ്, ഡയറക്ടർ എസ് മുരളി, മാനേജർ (പി & എ) എം.എം. ഷംനാദ് എന്നിവർ പങ്കെടുത്തു. നൂറോളം കലാകാരൻമാരുടെ ചിത്രങ്ങൾ ക്യാൻവാസ് ’21ൽ പ്രദർശിപ്പിക്കുന്നുണ്ട്. പ്രദർശനം ജനുവരി രണ്ടുവരെ തുടരുമെന്ന് സംഘാടകർ അറിയിച്ചു.