സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 700 ഓളം റേഷൻകടകളുടെ ലൈസൻസുകൾ പല കാരണങ്ങളാൽ സസ്‌പെന്റു ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലും ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി നേരിട്ട് നടത്തുന്ന അദാലത്തുകൾ കൊല്ലം ജില്ലയിൽ അവസാനിച്ചു. കൊല്ലം ജില്ലയിൽ നടന്ന അദാലത്തിൽ സസ്‌പെന്റ് ചെയ്യപ്പെട്ട 16 കടകളുടെ ലൈസൻസ് പുനഃസ്ഥാപിച്ച് നൽകി. 24 ലൈസൻസികൾക്ക് ആവശ്യമായ രേഖകൾ ഹാജരാക്കാൻ സമയം അനുവദിച്ചു.

അഞ്ച് ലൈസൻസുകൾ റദ്ദു ചെയ്തു. മറ്റു ജില്ലകളിൽ വരും ദിവസങ്ങളിൽ അദാലത്ത് തുടരും. സിവിൽ സപ്ലൈസ് ഡയറക്ടർ ഡി. സജിത് ബാബു, ദക്ഷിണ മേഖല ഡെപ്യൂട്ടി റേഷനിംഗ് കൺട്രോളർ അനിൽ രാജ്, കൊല്ലം ജില്ലാ സപ്ലൈ ഓഫീസർ ഗാനാദേവി, വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും അദാലത്തിൽ പങ്കെടുത്തു. കോട്ടയം, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ ജില്ലകളിലും അദാലത്തുകൾ പൂർത്തിയായി.