തൊഴിലന്വേഷകര്‍ക്ക് ദിശാബോധം പകരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുകയാണെന്ന് തൊഴില്‍-പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷനില്‍ സജ്ജമായ കരിയര്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മത്സരപരീക്ഷാ പരിശീലനം തുടങ്ങി അഭിമുഖങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ വരെ ഇത്തരം കേന്ദ്രങ്ങള്‍ വഴി നല്‍കുകയാണ്.

പുതിയ കാലത്തിന് ചേര്‍ന്ന രീതിയിലാണ് ഇവിടുത്തെ ഉപദേശ-നിര്‍ദ്ദേശങ്ങള്‍ ലഭ്യമാക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. അധ്യക്ഷനായ ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ പഠനം മാത്രമല്ല തൊഴിലിലേക്കുള്ള വഴിയെന്ന് പറഞ്ഞു. വൈദഗ്ധ്യത്തോടയുള്ള സമീപനം വ്യത്യസ്ത ഘട്ടങ്ങളില്‍ പ്രയോഗത്തില്‍ കൊണ്ടു വരുന്നത് തൊഴില്‍ സാധ്യത വര്‍ധിക്കാന്‍ ഇടയാക്കും.

സംസ്ഥാനത്തെ ഏഴാമത്തെ കരിയര്‍ ഗൈഡന്‍സ് കേന്ദ്രമാണ് കൊട്ടാരക്കരയില്‍ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. കൊട്ടാരക്കര നഗരസഭ ചെയര്‍മാന്‍ എ. ഷാജു, ജോയിന്റ് ഡയറക്ടര്‍ ഓഫ് എംപ്ലോയ്‌മെന്റ് എം. എ. ജോര്‍ജ്ജ് ഫ്രാന്‍സിസ്, മുന്‍ നിയമസഭാംഗം അയിഷ പോറ്റി, തഹസില്‍ദാര്‍ ജി. നിര്‍മല്‍ കുമാര്‍, എംപ്ലോയ്‌മെന്റ് ഓഫീസര്‍മാരായ ആര്‍. ബൈജു ചന്ദ്രന്‍, സതീശ് കരുണാകരന്‍, വൊക്കേഷണല്‍ ഗൈഡന്‍സ് ഓഫീസര്‍ ആര്‍. അശോകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.