ജനകീയ പിന്തുണയോടെ പൊതു സ്വത്ത് എങ്ങനെ സംരക്ഷിക്കാം എന്നതിന്റെ ഉദാഹരണമാണ് റോഡുകളുടെ പരിപാലന കാലാവധി പ്രദർശിപ്പിക്കുന്ന ഡി എൽ പി ബോർഡുകളെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഡി എൽ പി ബോർഡ്‌ പ്രദർശനം ജില്ലാതല ഉദ്ഘാടനം മയ്യിൽ എരിഞ്ഞിക്കടവ് റോഡിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുമരാമത്ത് റോഡുകളുടെ പ്രവൃത്തികളും പരിപാലനവും ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനാണ് ശാസ്ത്രീയമായ ഈ സംവിധാനം.
ജനങ്ങൾ ഫലപ്രദമായി ഇടപെട്ടാൽ റോഡുകളുടെ സംരക്ഷണം കൃത്യമായി നടപ്പാക്കാൻ സാധിക്കും. ഇനി പ്രവൃത്തി പൂർത്തിയാക്കുന്ന എല്ലാ പൊതുമരാമത്ത് റോഡുകളിലും ഇത്തരത്തിലുള്ള ബോർഡുകൾ സ്ഥാപിക്കും. റോഡുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രശ്നങ്ങളും പൊതുജനങ്ങൾക്ക് അധികൃതരെ അറിയിക്കാം. റോഡിന്റെ പരിപാലനം നിശ്ചയിച്ചിട്ടുള്ള കാലം വരെ നടപ്പാക്കാൻ കോൺട്രാക്ടറും എഞ്ചിനീയർമാരും ബാധ്യസ്ഥരാണ്.
ഇത്തരമൊരു സംവിധാനം നിലവിലുള്ളതിനാൽ പ്രവൃത്തി ഘട്ടത്തിൽ തന്നെ ശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
സർക്കാർ അനു നിമിഷം കേരളത്തെ നവീകരിക്കുകയാണെന്നും എല്ലാ മേഖലയിലും നല്ല വികസന പ്രവർത്തനങ്ങൾ കാഴ്ച വെക്കാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾ കാഴ്ചക്കാരല്ല, കാവൽക്കാരാണ് എന്ന സന്ദേശത്തോടെയാണ് ഡി എൽ പി ബോർഡുകൾ സ്ഥാപിക്കുന്നത്. പരിപാലന കാലാവധി, റോഡിന്റെ ദൂരം, കോൺട്രാക്ടറുടെ പേര്, ഫോൺ നമ്പർ, അസിസ്റ്റന്റ് എഞ്ചിനീയറുടെ ഫോൺ നമ്പർ, ടോൾ ഫ്രീ നമ്പർ എന്നിവയാണ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുള്ളത്.
മയ്യിൽ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് എ ടി രാമചന്ദ്രൻ അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത്‌ അംഗം എൻ വി ശ്രീജിനി, ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷ കെ പി രേഷ്മ, മയ്യിൽ ഗ്രാമപഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷ വി വി അനിത, പൊതുമരാമത്ത് റോഡ് വിഭാഗം കണ്ണൂർ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എം ജഗദീഷ്, സംഘാടക സമിതി ചെയർമാൻ എ പി മോഹനൻ, വിവിധ രാഷ്ട്രീയ സാമൂഹ്യ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.