മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരെ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രചരണപരിപാടിയായ സ്ത്രീപക്ഷ നവകേരളം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ 18ന് വൈകിട്ട് മൂന്നിനാണ് പരിപാടി. മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ  അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു, ക്ഷീരവികസന- മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി, ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്, വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ തുടങ്ങിയവർ പങ്കെടുക്കും.

സ്ത്രീപക്ഷ നവകേരളത്തിന്റെ ക്യാമ്പയിൻ അംബാസഡർ നടി നിമിഷാ സജയനാണ്. ഉദ്ഘാടന പരിപാടിയിലും തുടർന്ന് ക്യാമ്പയിന്റെ വിവിധ ഘട്ടങ്ങളിലും ക്യാമ്പയിൻ അംബാസഡർ പ്രചരണ പരിപാടികൾ നയിക്കും.
സംസ്ഥാന സർക്കാർ സ്ത്രീസുരക്ഷ ഉറപ്പാക്കുന്ന നടപടികളുമായാണ് മുന്നോട്ടുപോവുന്നതെന്ന് മന്ത്രി പറഞ്ഞു. എങ്കിലും കേരള സമൂഹത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത്തരം പ്രവണതകൾ ഒരു സർക്കാർ സംവിധാനത്തിന്റെ പ്രവർത്തനത്തിലൂടെ മാത്രം ഇല്ലാതാക്കാൻ പറ്റുന്നതല്ല. അതിനാവശ്യം സ്ത്രീപക്ഷ ബോധം സംസ്ഥാനത്തെ എല്ലാവിഭാഗം ജനങ്ങളിലും ഉണ്ടാക്കുവാനുള്ള ബോധവത്ക്കരണമാണ്.

സ്ത്രീപക്ഷത്ത് നിൽക്കുന്ന സ്ത്രീകളും പുരുഷൻമാരും ഉള്ളത് പോലെ സ്ത്രീവിരുദ്ധമായ പൊതുബോധത്തിന്റെ ഭാഗമായി നിൽക്കുന്ന സ്ത്രീകളും പുരുഷൻമാരുമുണ്ട്. അത്തരമൊരു സമൂഹത്തിൽ ഉണ്ടാവുന്ന സ്ത്രീവിരുദ്ധമായ പ്രവർത്തനങ്ങളെയും ചിന്തകളെയും ഇല്ലാതാക്കാനുതകുന്ന സർവതല സ്പർശിയായ ക്യാമ്പയിനാണ് സ്ത്രീപക്ഷ നവകേരളത്തിലൂടെ  ഉയർത്തിക്കൊണ്ടുവരുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഡിസംബർ 18 മുതൽ അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8വരെ നീണ്ടുനിൽക്കുന്ന ഒന്നാംഘട്ട ക്യാമ്പയിനും പിന്നീട് തുടർ പരിപാടികളും സ്ത്രീപക്ഷ നവകേരളത്തിനായി സംഘടിപ്പിക്കും.