കാക്കനാട്: അസംഘടിത മേഖലയിലെ മുഴുവൻ തൊഴിലാളികളെയും ഇ-ശ്രം പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി പഞ്ചായത്തുകളിൽ പ്രത്യേക രജിസ്ട്രേഷൻ ക്യാമ്പുകൾ നടത്തും. ഡിസംബർ 16 മുതൽ 20 വരെയാണ് ക്യാമ്പ് നടത്തുക. ഇനിയും പദ്ധതിയിൽ അംഗങ്ങൾ ആകാത്തവർക്ക് ക്യാമ്പിലൂടെ പേര് രജിസ്‌റ്റർ ചെയ്യാം. അക്ഷയ കേന്ദ്രങ്ങളുടെ നേതൃത്വത്തിലായിരിക്കും പഞ്ചായത്തു തല ക്യാമ്പുകൾ ഒരുക്കുക.
ഓരോ പഞ്ചായത്തിലും ക്യാമ്പ് നടക്കുന്ന സ്ഥലങ്ങൾ പഞ്ചായത്ത് അധികൃതർ മുൻകൂട്ടി അറിയിക്കും.

ദേശീയ തലത്തിൽ അസംഘടിത തൊഴിലാളിയുടെ ഡാറ്റാബേസ് തയാറാക്കുന്ന തിനും ഇതിലൂടെ ഭാവിയിൽ വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുന്നതിനും തൊഴിൽ കാർഡ് നൽകുന്നതിനുമായാണ് ഇ- ശ്രം രജിസ്ടേഷൻ നടത്തുന്നത്. ജില്ലയിൽ 272366 പേരാണ് പദ്ധതിയിൽ അംഗങ്ങളായത്. ജില്ലാ കളക്ടർ ജാഫർ മാലികിന്റെ നേതൃത്വത്തിൽ ഇ- ശ്രം അവലോകന യോഗം ചേർന്നു. ജില്ലാ ലേബർ ഓഫീസർ പി.എസ്. മാർക്കോസും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.