തിരുവനന്തപുരം: കുടുംബങ്ങള്‍ക്കുള്ളില്‍ കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിന് വാര്‍ഡ് തലത്തില്‍ കര്‍മ്മ പദ്ധതികള്‍ രൂപീകരിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സംഘടിപ്പിച്ച  ബാലസംരക്ഷണ സമിതികളുടെ ശാക്തീകരണ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചു കൊണ്ട് സുരക്ഷിത ബാല്യമൊരുക്കാന്‍ ശക്തമായ ബോധവത്കരണം സമൂഹത്തിന് നല്‍കണമെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ മാനസികാരോഗ്യം സാമൂഹത്തിന്റെ വളര്‍ച്ചയ്ക്കും ആവശ്യമുണ്ടന്നതിനാല്‍ അവര്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പിന്നിലെ കാരണങ്ങളും യഥാസമയം കണ്ടെത്തണം. കുട്ടികളെ ഒരിക്കലും പ്രതിസന്ധികളിലേക്ക് തള്ളിവിടരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം പി.എം.ജി.യിലെ ഹോട്ടല്‍ പ്രശാന്തില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ വാര്‍ഡ് തലത്തില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികള്‍ രൂപീകരിക്കുമെന്നും കമ്മിറ്റികള്‍ മുഖേന അതത് വാര്‍ഡുകളിലെ കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. ചടങ്ങില്‍ കേരള സംസ്ഥാന ബാലാവകാശ കമ്മീഷന്റെ കൈപുസ്തകം മന്ത്രി ആന്റണി രാജു പ്രകാശനം  ചെയ്തു.

തുടര്‍ന്ന് ബാലാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളില്‍ സെമിനാറുകളും നടന്നു. കമ്മീഷന്‍ അംഗങ്ങളായ ഫാദര്‍ ഫിലിപ്പ് പരക്കാട്ട്, നസീര്‍ ചാലിയം, ഡെപ്യൂട്ടി മേയര്‍ പി.കെ രാജു, സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ, ജില്ലാ പോലീസ് മേധാവി പി.കെ മധു, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്‍. സുനന്ദ, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം വി.എം സുനന്ദകുമാരി, പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സന്തോഷ് കുമാര്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ചിത്രലേഖ എസ്, ഐ.സി.ഡി.എസ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു