ജില്ലയില്‍ ബാലവേല സംബന്ധിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ജില്ലാ ശിസുസരംക്ഷണ യൂണിറ്റ് 2500 രൂപ പാരിതോഷികം നല്‍കും. വിവരങ്ങള്‍ 04994 256990, 7909293758 എന്ന ഫോണ്‍ നമ്പറുകളിലോ sharanabalyamksd@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ നേരിട്ടോ അറിയിക്കാം. ബാലവേലയെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കുകയും സത്യമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ പാരിതോഷികം നല്‍കും. വ്യക്തികള്‍ നല്‍കുന്ന വിവരത്തില്‍ കുട്ടി ജോലി ചെയ്യുന്ന സ്ഥാപനം, സ്ഥലത്തിന്റെ പേരും വിലാസവും ഫോട്ടോയും, ഉടമസ്ഥന്റെ പേരുവിവരങ്ങള്‍, കുട്ടി/കുട്ടികളുടെ ഫോട്ടോ (ഉണ്ടെങ്കില്‍), അല്ലെങ്കില്‍ വ്യക്തമായി തിരിച്ചറിയാന്‍ പര്യാപ്തമായ മറ്റു വിവരങ്ങള്‍ ഉണ്ടായിരിക്കണം.

ബാലവേല തടയുന്നതിനുളള വിവരങ്ങള്‍ നല്‍കുന്ന വ്യക്തിക്ക് അവര്‍ നല്‍കുന്ന വിവരങ്ങള്‍ സത്യമാണെന്ന് തിരിച്ചറിഞ്ഞാല്‍ 2500 രൂപ നിരക്കില്‍ ബാങ്ക് അക്കൗണ്ടിലേക്ക് തുക കൈമാറും. ഒരേ വിവരം ഒന്നിലധികം വ്യക്തികളില്‍ നിന്നും ലഭിച്ചാല്‍, ആദ്യം വിവരം നല്‍കുന്ന വ്യക്തിക്കായിരിക്കും പാരിതോഷികത്തിന് അര്‍ഹത. വിവരദാതാവിന്റെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. ചൈല്‍ഡ് ആന്‍ഡ് അഡോളസെന്റ് ലേബര്‍ നിയമപ്രകാരം 14 വയസ്സ് പൂര്‍ത്തിയാകാത്ത കുട്ടികളെ ജോലിയില്‍ ഏര്‍പ്പെടുത്തുവാന്‍ പാടില്ല. 14 കഴിഞ്ഞതും 18 വയസ്സ് പൂര്‍ത്തിയാകാത്തതുമായ കുട്ടികളെ അപകടകരമായ ജോലികളില്‍ ഏര്‍പ്പെടുത്തുന്നതും ശിക്ഷാര്‍ഹമാണ്.