സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂട്രീഷന്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍ കേന്ദ്ര സംഘം സന്ദര്‍ശിച്ചു. ന്യൂഡല്‍ഹി കലാവതി സരന്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ഹെഡ് ഡോ. രാജേഷ് കലാവതി, ആന്ധ്രാപ്രദേശ് കലാവതി സരന്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ഹെഡ് ഡോ. വീരു എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് സെന്ററിലെത്തിയത്. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സേതുലക്ഷ്മി, എന്‍.ആര്‍.സി ഡി.എം.ഒ അനഹ ഋതുരാജ്, ആര്‍.ബി.എസ്.കെ കോര്‍ഡിനേറ്റര്‍ സീന സൈഗാള്‍, ആര്‍.ബി.എസ്.കെ മാനേജര്‍ എബി സ്‌കറിയ, താലൂക്ക് ആശുപത്രി പി.ആര്‍.ഒ എ. ലൗലി, എന്‍.ആര്‍.സി സ്റ്റാഫുകള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ന്യൂട്രീഷന്‍ റീഹാബിലിറ്റേഷന്‍ സെന്ററുകളുടെ ശാക്തീകരണത്തിനും, മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുന്നതിനുമാണ് കേന്ദ്ര സംഘം സന്ദര്‍ശനം നടത്തിയത്.
സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ആര്‍.സി സെന്ററില്‍ നിലവില്‍ 7 കുട്ടികളാണ് ചികിത്സയിലുള്ളത്. 10 കിടക്കകളാണ് ഈ സെന്ററിലുള്ളത്. 2018ല്‍ മാനന്തവാടി ഗവ. ആശുപത്രിയിലാണ് ജില്ലയില്‍ ആദ്യമായി എന്‍.ആര്‍.സി സെന്റര്‍ സജ്ജീകരിക്കുന്നത്. കോവിഡ് സാഹചര്യത്തില്‍ 2020 സെപ്തംബറില്‍ നൂല്‍പ്പുഴയിലേക്ക് മാറ്റുകയും പിന്നീട് 2021 സെപ്തംബര്‍ മുതലാണ് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഗുരുതരമായി പോഷകാഹാരക്കുറവുണ്ടായ 155 കുട്ടികള്‍ക്കാണ് സെന്റര്‍ മുഖേന ഇതുവരെ ചികിത്സ ലഭ്യമാക്കിയത്.