‘ഭിന്നശേഷി സൗഹൃദ മലപ്പുറം’ എന്ന ആശയവുമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പദ്ധതികള്‍ തയ്യാറാക്കുന്നു. ഇതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍, ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകളുടെ പ്രതിനിധികള്‍ എന്നിവര്‍ക്കായി ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. ജില്ലാ സാമൂഹ്യ നീതി വകുപ്പ്, സി.ആര്‍.സി കോഴിക്കോട്, കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം, മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡ് എന്നിവയുടെ സഹകരണത്തോടെ മേല്‍മുറി അഅ്ദിന്‍ കാമ്പസില്‍ നടത്തിയ ശില്‍പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി അധ്യക്ഷനായി. നിലവില്‍ തദ്ദേശസ്ഥാപന തലത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതോടൊപ്പം പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ നേരിടുന്ന വെല്ലുവിളികള്‍, തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള രൂപരേഖ തയ്യാറാക്കല്‍ എന്നിവ സംബന്ധിച്ചുള്ള പ്രാഥമിക ചര്‍ച്ചകള്‍ക്ക് ശില്‍പശാല വേദിയായി. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ. കൃഷ്ണമൂര്‍ത്തി ആമുഖ പ്രഭാഷണം നടത്തി. മഅ്ദിന്‍ അക്കാദമി ഗ്ലോബല്‍ ഡയറക്ടര്‍ ഉമര്‍ മേല്‍മുറി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടം, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്മാരായ എന്‍.എ കരീം, സറീന ഹസീബ്, ജമീല അലിപറ്റ, നസീബ അസീസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ പി.വി മനാഫ്, പി.പി മോഹന്‍ദാസ്, മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മുഹമ്മദ് അസ്റത്ത് എന്നിവര്‍ സംസാരിച്ചു. കോഴിക്കോട് സി.ആര്‍.സി ഡയറക്ടര്‍ ഡോ. റോഷന്‍ ബിജിലീ. കെ.എന്‍, തിരൂര്‍ സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയിലെ ഡോ. ജവേദ് അനീസ് എന്നിവര്‍ ശില്‍പശാലയില്‍ ക്ലാസുകളെടുത്തു. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു.