അനിമീയ (വിളര്‍ച്ച) നിയന്ത്രണത്തിനായി ഭാരതീയ ചികിത്സാ വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍, വനിതാ ശിശുവികസന വകുപ്പ്, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ സംയുക്തമായി നടപ്പിലാക്കിയ അരുണിമ പദ്ധതിയ്ക്ക് ജില്ലയില്‍ മികച്ച പ്രതികരണവും സ്വീകാര്യതയും ലഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഐ.എസ്.എം)അറിയിച്ചു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ജില്ലയില്‍ 235 ക്ലാസുകള്‍ സംഘടിപ്പിച്ച് 16,475 ആളുകളിലേക് വിളര്‍ച്ചയ്‌ക്കെതിരായുള്ള ബോധവത്കരണം എത്തിച്ചു. ഗര്‍ഭിണികള്‍, പാലുട്ടുന്ന അമ്മമാര്‍, കൗമാരപ്രായക്കാര്‍, ആറ് വയസ് വരെയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ എന്നിവര്‍ക്കാണ് ക്ലാസുകള്‍ നല്‍കിയത്. പദ്ധതിയുടെ തുടര്‍ച്ചയായി പൊതുജനങ്ങള്‍ക്ക് ‘വിളര്‍ച്ചാ പ്രതിരോധം ആയുര്‍വേദത്തിലൂടെ’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ 8748 ആളുകള്‍ പങ്കെടുത്തു. മത്സരത്തില്‍ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ശ്രീഷ്മ ഒന്നാം സ്ഥാനവും അരീക്കോട് പഞ്ചായത്തിലെ മുബീന രണ്ടാം സ്ഥാനവും ഇരിമ്പിളിയം പഞ്ചായത്തിലെ പി. ജെ ദീപ മൂന്നാം സ്ഥാനവും നേടി. അരുണിമ പദ്ധതിയുടെ തുടര്‍ നടത്തിപ്പിലേക്കായി ഡിസ്പെന്‍സറികള്‍ക്ക് മരുന്നുകളും അനുവദിച്ചു ഉത്തരവായിട്ടുണ്ട്.

ദേശീയ ആയുര്‍വേദ ദിന സന്ദേശമായ ‘പോഷണം ആയുര്‍വേദത്തിലൂടെ’ എന്ന വിഷയം അടിസ്ഥാനമാക്കിയുള്ള ആയുര്‍ജീവനം എന്ന തുടര്‍പരിപാടിയുടെ ആദ്യത്തെ കര്‍മപദ്ധതിയാണ് വിളര്‍ച്ചാ(അനീമി) നിയന്ത്രണത്തിനായുള്ള അരുണിമ പദ്ധതി. സംസ്ഥാനത്ത് 33115 അങ്കണവാടികളിലൂടെ വിളര്‍ച്ചയ്ക്കെതിരായുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.