ബാലുശ്ശേരി ജി.ജി.എച്ച്.എസ്.എസിൽ ഇനി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ യൂണിഫോം
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കുക വഴി വസ്ത്രധാരണത്തിലെ വിവേചനപരമായ അവസ്ഥ ഇല്ലാതാവണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു. ബാലുശേരി ജി.ജി. എച്ച്.എസ് സ്കൂളിൽ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. വലിയൊരു കാൽവെപ്പാണ് മാതൃകാപരമായ പ്രവർത്തനം വഴി വിദ്യാലയം നടത്തിയതെന്നും മന്ത്രി പറഞ്ഞു. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം നടപ്പാക്കുന്ന, സംസ്ഥാനത്തെ ആദ്യത്തെ ഹയർസെക്കന്‍ററി സ്കൂളാണ് ബാലുശ്ശേരി ജി.ജി.എച്ച്.എസ്.എസ്.
സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സ്വച്ഛന്തമായ അന്തരീക്ഷത്തിലാണ് വിദ്യാർഥികൾ പഠിച്ച് വളരേണ്ടത്. ഒന്നിനെക്കുറിച്ചും ആശങ്കകളോ വേവലാതിയോ ഉത്കണ്ഠയോ ഇല്ലാതെ പഠനപ്രക്രിയ നിർവഹിക്കാൻ വിദ്യാർഥികൾക്ക് കഴിയണം. ജെൻഡർ ന്യൂട്രൽ യൂണിഫോം പെൺകുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കും. ആൺകുട്ടികൾ, പെൺകുട്ടികൾ എന്ന വിവേചനത്തിനപ്പുറത്ത് മനുഷ്യർ എന്ന നിലയിൽ ഒരുമിച്ചു പോകുന്നു എന്ന സൂചനയാണ് ഒരേപോലുള്ള വേഷം ധരിക്കുമ്പോൾ ഉണ്ടാവുന്നത്. ജനിച്ചയുടൻ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ പോലുള്ള വസ്ത്രങ്ങൾ ആണ് ഉപയോഗിക്കുന്നത്. എന്നാൽ വളർച്ചയുടെ ഓരോ പടവുകളിലും വസ്ത്ര സംസ്കാരത്തിൽ രണ്ട് രീതിയിലുള്ള സമീപനങ്ങൾ ഉണ്ടാകുന്നു. അലിഖിതമായ ഒട്ടേറെ നിയമങ്ങൾ അനുവർത്തിക്കേണ്ടതായി വരികയാണെന്നും ഇതിന് മാറ്റമുണ്ടാവണമെന്നും മന്ത്രി പറഞ്ഞു.
പി.ടി.എ പ്രസിഡണ്ട് കെ.ഷൈബു അധ്യക്ഷത വഹിച്ചു. അഡ്വ.കെ.എം.സച്ചിൻ ദേവ് എം. എൽ.എ സന്ദേശം നൽകി. പ്രിൻസിപ്പാൾ ആർ.ഇന്ദു, ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, ജില്ലാപഞ്ചായത്ത് അംഗം പി. പി പ്രേമ, തൃശൂർ വനിതസെൽ എസ്.ഐ വിനയ, ഹെഡ്മിസ്ട്രസ്സ് പ്രേമ ഇ, ഗ്രാമപഞ്ചായത്ത് അംഗം ഹരീഷ് നന്ദനം, അഭിനേത്രി റീമ കല്ലിങ്കൽ, സ്കൂൾ വികസന സമിതി വർക്കിംഗ് ചെയർമാൻ ജാഫർ രാരോത്ത്, ഹയർ സെക്കന്ററി സീനിയർ അസിസ്റ്റന്റ് രജിത, ഹൈ സ്കൂൾ സീനിയർ അസിസ്റ്റന്റ് ശോഭന, വിദ്യാർത്ഥികൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു